Saturday, November 22, 2014

ഹേ ഗഗാറിന്‍!- ഡോ. കെ. അയ്യപ്പപ്പണിക്കര്‍

കവിത : ഹേ ഗഗാറിന്‍!
കവി : ഡോ. കെ. അയ്യപ്പപ്പണിക്കര്‍
1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം.മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. സ്ഥിരം സമ്പ്രദായങ്ങളില്‍നിന്നു കവിതയെ വഴിമാറ്റി നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അക്ഷര സഞ്ചാരം.പ്രഗല്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളജില്‍ ഒരു വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952ല്‍ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീര്‍ഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.

1961 ഏപ്രില്‍ 12നാണ് ആദ്യമായി ഒരു മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ആയിരുന്നു ആ വ്യക്തി. യൂറി ഗഗാറിന്റെ ബഹിരാകാശ സഞ്ചാരത്തിന്റെ പശ്ചാത്തലത്തില്‍ അയ്യപ്പപ്പണിക്കര്‍ രചിച്ച കവിതയാണ് 'ഹേ ഗഗാറിന്‍!'


ഹേ ഗഗാറിന്‍! 

ഹേ ഗഗാറിന്‍! ഗഗനചാരിന്‍
പഥികനെന്‍ വഴി വിട്ടുമാറിന്‍.

മര്‍ത്യധര്‍മ വിചിന്തനത്തിനുമുഗ്രമെന്‍ കവിഭാവനയ്ക്കു-
മുദഗ്രസര്‍ഗ വിജൃംഭണത്തിനുമിന്നു നീ വഴിമാറിന്‍.
അല്പവികസിതമാകെ വിഗണിത-
മാ വിശാലത മുഴുവനും
മര്‍ത്യഭാവനയിത്ര നാളും
സൃഷ്ടിനാഥനെ മേയ്ച്ചിരുന്നൊരു സര്‍ഗഭൂമികള്‍ മുഴുവനും
ഈയഗാധത മുഴുവനും
നീയളന്നു കഴിഞ്ഞിടും മുമ്പീ നിലാവല പോവതിന്‍ മുമ്പി-
വിടെയെന്‍ കണ്ണടയ്‌വതിന്‍ മുമ്പായ്
ഹേ, ഗഗാറിന്‍ ഗഗനചാരിന്‍
പഥികനെന്‍ വഴി വിട്ടു മാറിന്‍.

വാങ്ങുകെന്നഭിവാദനം നീ വാങ്ങുകെന്നനുമോദനം നീ
നീങ്ങുകെന്‍ ശരവീഥി വിട്ടതി-
ദീര്‍ഘ ദുര്‍ഗമ മാര്‍ഗ്ഗ ദുര്‍ഘട ഭേദിയെന്റെ
സ്വതന്ത്ര ചിന്തന കിരണ പംക്തി വരുന്നു നീ വഴിമാറിന്‍.
ചന്ദ്രതാര,ദിവാകരാദികളന്തി, രാത്രി, പുലര്‍പ്രതീതിക-
ളെന്റെ മോഹ വിഭൂതി സംഗ്രഹമെന്റെയോമന ഭൂമിമണ്ഡല-
മിച്ചരാചര ചാരസംഭ്രമമീ മനോഹര രാഗസംക്രമ-
മുദയമസ്തമനങ്ങളൊത്തു വിടര്‍ന്നു കാണും ചക്രവാളവു-
മതിലുടഞ്ഞു കിടന്നു ചുറ്റിയലിഞ്ഞു പോകും ദീപനാളവു-
മിന്നു നിന്റെ ദയാര്‍ദ്രദൃഷ്ടിയി-
ലൊന്നുപോലെയടിഞ്ഞു പോല്‍

ഇന്നുപഗ്രഹ ഗോളകങ്ങളെറിഞ്ഞു ശാസ്ത്രമനസ്സു വീണ്ടും
പുതിയൊരമ്മാനക്കളിക്കു തയ്യാറെടുത്തു വരുമ്പൊഴും
ദക്ഷിണോത്തര പൂര്‍വ്വ പശ്ചിമ സംജ്ഞയൊക്കെ നിരര്‍ത്ഥമാക്കി-
യഗാധമേതു വിശാലമേതു വിചിത്രമേതതു കൈയൊതുക്കിയ
യക്ഷകിന്നര ദേവരാക്ഷസ ഗഗന വനചര
വര്‍ഗനായകനാണു നീ

എന്റെ ശത്രുവുമെന്റെ മിത്രവു-
മെന്റെ ദാസനുമെന്റെ നാഥനു-
മെന്റെ ജാഗ്രതയെന്‍ സുഷുപ്തി-
യെനിക്കുവേണ്ടിയിഴഞ്ഞു നീങ്ങിയ കാലവാഹിനി കൂടിയും
നിന്‍പറക്കലിലാകെ വിഭ്രമ കമ്പമാര്‍ന്നവരെങ്കിലും
നിന്നൊടൊത്തമരത്വമാര്‍ന്നു വസിക്കുവാന്‍ കുതി കൊള്ളുമെന്‍
സര്‍ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്

ശാസ്ത്രമങ്ങുയരത്തിലെത്തി, മിഴിച്ചു നില്‍ക്കും കവികളേ...
ശൂന്യബാഹ്യവിയല്‍പഥങ്ങളില്‍
വിജയപര്യടനത്തിനായി വളര്‍ക്കുവിന്‍ പുതുചിറകുകള്‍
അഗ്രഗാമികളങ്ങുചെന്നുയരത്തില്‍ വീശി പതാകകള്‍
വിഗ്രഹങ്ങളുടച്ചനുഗ്രഹ ശക്തരാവൂ കവികളേ
ശൂന്യമല്ലിനി ബാഹ്യമല്ലിനിയിപ്രപഞ്ച വിധാനവും
സൂക്ഷ്മമാമനുഭൂതികൊണ്ടു നിറഞ്ഞുനില്‍പ്പതു കാണ്‍കിലോ
ദീര്‍ഘദര്‍ശിനിയെങ്ങു നമ്മുടെ സൂക്ഷ്മമാപിനിയെങ്ങു സര്‍ഗ്ഗ
ജ്വാല വീശുക കേവലസ്ഥല സീമയെരിഞ്ഞിടുമാ സര്‍ഗ്ഗ-
ജ്വാലവീശുക മൃത്യുകാരക-
മന്ധകാര മഹാപ്രകാരവിധാനമാകെ
ബ്ഭസ്മമാക്കിടുമാ സര്‍ഗ്ഗജ്വാല വീശുക നാമിനി.8 comments:

 1. ആദരണീയനായ അയ്യപണിക്കരുടെ ഈ കവിത പരിചയപ്പെടുത്തിയതിന് നന്ദി ബെന്‍ജി ഭായ്.

  ReplyDelete
 2. നന്ദി ബെൻ‌ജി ഈ നല്ല കവിതയ്ക്ക്..ഈ ഉദ്യമത്തിന്...

  ReplyDelete
 3. സര്‍ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്


  എന്തൊരു സര്‍ഗകല്പന!!!

  ReplyDelete
 4. വിഗ്രഹങ്ങളുടച്ചനുഗ്രഹ ശക്തരാവൂ കവികളേ
  ശൂന്യമല്ലിനി ബാഹ്യമല്ലിനിയിപ്രപഞ്ച വിധാനവും
  കവിയെ സ്മരിക്കുന്നു
  നല്ലൊരു സത്കർമം ബെന്ജിക്ക് ആശംസകൾ മനോഹരമായ തിരഞ്ഞെടുപ്പ്

  ReplyDelete
 5. നവ ഭാവുകത്വത്തിന്റെ സൗന്ദര്യം വാനോളമുയർത്തിയ കവി...

  നല്ല കവിത

  ശുഭാശംസകൾ......


  ReplyDelete
 6. ചൊല്ക്കാഴ്ച says:
  നല്ല വായന സമ്മാനിച്ചതിന് നന്ദി.
  (ബ്ലോഗിലെ പോപ്പുലര്‍ പോസ്റ്റ് വിഡ്ജറ്റിന് എന്ത തകരാറുണ്ട്.)

  ReplyDelete
 7. എന്റെ ശത്രുവുമെന്റെ മിത്രവു-
  മെന്റെ ദാസനുമെന്റെ നാഥനു-
  മെന്റെ ജാഗ്രതയെന്‍ സുഷുപ്തി-
  യെനിക്കുവേണ്ടിയിഴഞ്ഞു നീങ്ങിയ കാലവാഹിനി കൂടിയും
  നിന്‍പറക്കലിലാകെ വിഭ്രമ കമ്പമാര്‍ന്നവരെങ്കിലും
  നിന്നൊടൊത്തമരത്വമാര്‍ന്നു വസിക്കുവാന്‍ കുതി കൊള്ളുമെന്‍
  സര്‍ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്

  ReplyDelete