Monday, August 29, 2011

കുറത്തി - കടമ്മനിട്ട....


ഇത് ഡൌൺലോഡാൻ ഇവിടെ ക്ലിക്കാം..

കവിത          : കുറത്തി
കവി              : ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ‌
ആലാപനം   : ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലായിരുന്നു ശ്രീ രാമകൃഷ്ണൻ ജനിച്ചത്..പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്..പടയണിയുടെ നാട്ടിൽ ജനിച്ചതു കൊണ്ടാവും അന്നുവരെ മലയാളക്കവിത പിന്തുടർന്ന കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് നാടൻപാട്ടിന്റെ ശീലിലേക്ക് കുടിയേറാൻ കവിയെ പ്രേരിപ്പിച്ചത്..നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനവും അദ്ദേഹത്തിന്റെ കവിതകളിൽ കാണാം...വിപ്ലവത്തിന്റെ തീപ്പൊരി പാറുന്ന വാക്കുകൾ..മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്..ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൌദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു അദ്ദേഹത്തിന്റേത്..കുറത്തി, കടിഞ്ഞൂൽ‌പൊട്ടൻ, മിശ്രതാളം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടമ്മനിട്ട കവിതകൾ, വെള്ളിവെളിച്ചം, ഗോദോയെ കാത്ത്, സൂര്യശില, കോഴി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്..അദ്ദേഹത്തിന്റെ കടമ്മനിട്ട കവിതകൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്..2008 മാർച്ച് 31 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

കവിയുടെ പ്രശസ്തമായ കവിതയാണ് “കുറത്തി ”..അദ്ധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ കഷ്ടപ്പാടുകളും അവയെ ചൂഷണം ചെയ്ത് ജീവിക്കുന്ന മറ്റൊരു വിഭാഗവും, ഒക്കെയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഭരണാധിപന്മാരോടും ഉള്ള അമർഷമാണു അദ്ദേഹത്തിന്റെ കുറത്തിയായി ഉറഞ്ഞു തുള്ളുന്നത്..

മലഞ്ചൂരല്‍മടയില്‍നിന്നും

കുറത്തിയെത്തുന്നു

വിളഞ്ഞ ചൂരപ്പനമ്പുപോലെ

കുറത്തിയെത്തുന്നു

കരീലാഞ്ചിക്കാട്ടില്‍നിന്നും

കുറത്തിയെത്തുന്നു

കരീലാഞ്ചി വള്ളിപോലെ

കുറത്തിയെത്തുന്നു

ചേറ്റുപാടക്കരയിലീറ-

പ്പൊളിയില്‍നിന്നും

കുറത്തിയെത്തുന്നു

ഈറ ചീന്തിയെറിഞ്ഞ കരിപോല്‍

കുറത്തിയെത്തുന്നു

വേട്ടനായ്ക്കടെ പല്ലില്‍നിന്നും

വിണ്ടുകീറിയ നെഞ്ചുമായി

കുറത്തിയെത്തുന്നു

മല കലങ്ങി വരുന്ന നദിപോല്‍

കുറത്തിയെത്തുന്നു

മൂടുപൊട്ടിയ മണ്‍കുടത്തിന്‍

മുറിവില്‍ നിന്നും മുറിവുമായി

കുറത്തിയെത്തുന്നു

വെന്തമണ്ണിന്‍ വീറുപോലെ

കുറത്തിയെത്തുന്നു

ഉളിയുളുക്കിയ കാട്ടുകല്ലിന്‍

കണ്ണില്‍നിന്നും

കുറത്തിയെത്തുന്നു

കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍

കുറത്തിയെത്തുന്നു

കുറത്തിയാട്ടത്തറയിലെത്തി

കുറത്തി നില്‍ക്കുന്നു

കരിനാഗക്കളമേറി

കുറത്തി തുള്ളുന്നു.

കരിങ്കണ്ണിന്‍ കട ചുകന്ന്

കരിഞ്ചായല്‍ കെട്ടഴിഞ്ഞ്

കാരിരുമ്പിന്‍ ഉടല്‍ വിറച്ച്

കുറത്തിയുറയുന്നു.അരങ്ങത്തു മുന്നിരയില്‍

മുറുക്കിത്തുപ്പിയും ചുമ്മാ-

ചിരിച്ചും കൊണ്ടിടം കണ്ണാല്‍

കുറത്തിയെ കടാക്ഷിക്കും

കരനാഥന്മാര്‍ക്കു നേരേ

വിരല്‍ ചൂണ്ടിപ്പറയുന്നു :

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?

നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

കാട്ടുവള്ളിക്കിഴങ്ങുമാന്തി

ചുട്ടുതന്നില്ലേ ഞങ്ങള്‍

കാട്ടുചോലത്തെളിനീര്

പകര്‍ന്നു തന്നില്ലേ പിന്നെ

പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍

കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍

കണ്ണുചിമ്മാതവിടെ ഞങ്ങള്‍

കാവല്‍ നിന്നില്ലേ ,

കാട്ടുപോത്ത്,കരടി,കടുവ

നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍

കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ

കാത്തുകൊണ്ടില്ലേ പുലിയുടെ

കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന്

കോര്‍ത്തുപോയില്ലേ വീണ്ടും

പല്ലടര്‍ത്തി വില്ലുമായി

കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ?

നദിയരിച്ച് കാടരിച്ച് കടലരിച്ച്

കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍

മരമരിച്ച് പൂവരിച്ച് തേനരിച്ച്

കാഴ്ചവെച്ചില്ലെ നിങ്ങള്‍

മധുകുടിച്ച് മത്തരായി

കൂത്തടിച്ചില്ലേ ഞങ്ങള്‍

വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍

വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ-

തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു

വേലയിലാണ്ടു നീങ്ങുമ്പോള്‍

വഴിയരികില്‍ ആര്യവേപ്പിന്‍

ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍

ചെളിപുരണ്ട വിരല്‍കുടിച്ചു

വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;

മുറയിതിങ്ങനെ തലയതെങ്ങനെ

നേരെയാകുന്നു.പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു

മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ-

യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ

കല്ലുപോല്‍ കരിയായി കല്‍ക്കരി-

ഖനികളായി വിളയുമെങ്ങളെ

പുതിയ ശക്തി ഭ്രമണശക്തി

പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍

നിങ്ങള്‍ മൊഴിയുന്നു:

"ഖനി തുരക്കൂ,തുരന്നുപോയി-

പ്പോയിയെല്ലാം വെളിയിലെത്തിക്കൂ

ഞങ്ങടെ വിളക്കു കത്തിക്കൂ

ഞങ്ങടെ വണ്ടിയോടിക്കൂ

ഞങ്ങള്‍ വേഗമെത്തട്ടെ

നിങ്ങള്‍ വേഗമാകട്ടെ.

നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,

ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ 

കല്ലു വീണുമുറിഞ്ഞ മുറിവില്‍

മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു-

മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.

കുഴിതുരന്നു തുരന്നു കുഴിയായ്

തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു

വിളിച്ചുചോദിച്ചു:

ഞങ്ങള്‍ക്കന്നമെവിടെ?എവിടെ

ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?

അവര്‍ക്കന്നമെവിടെ? നാണമെവിടെ?

അന്തികൂടാന്‍ ചേക്കയെവിടെ?

അന്തിവെട്ടത്തിരികൊളുത്താന്‍

എണ്ണയെവിടെ?

അല്പമല്പമുറക്കെയായച്ചോദ്യമവിടെ

കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍

ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-

ലായിയമര്‍ന്നു ചോദ്യം കല്‍ക്കരിക്കറയായി ചോദ്യം

അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?

ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!

ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍

ലോഹനീതികള്‍,വാതകക്കുഴല്‍

വാരിയെല്ലുകള്‍,പഞ്ഞിനൂലുകള്‍

എണ്ണയാറുകള്‍,ആണികള്‍

നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍

നിലവിളിക്കും വായകള്‍,നിലയുറയ്ക്കാ-

തൊടുവിലെച്ചിക്കുഴിയിലൊന്നായ്-

ച്ചെള്ളരിക്കുമ്പോള്‍-നിങ്ങള്‍

വീണ്ടും

ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍

പുതിയ ഭാഷകള്‍, പഴയ നീതികള്‍,നീതിപാലകര്‍

കഴുമരങ്ങള്‍ ചാട്ടവാറുകള്‍

കല്‍ത്തുറുങ്കുകള്‍ കപടഭാഷണ

ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി

"ഹരിജനങ്ങള്‍" ഞങ്ങളാഹാ: അവമതി-

യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!

അടിമ ഞങ്ങള്‍,ഹരിയുമല്ല,ദൈവമല്ല,

മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,

കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍.

നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്

രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.

നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.

ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ

കുനിയാനുമിടം പോരാ പിടയാനായ്

തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കും-അടിമ ഞങ്ങള്‍നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?

നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?

നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്

വേറെയില്ല വഴിയെന്ന്.എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും

കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും

കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി

നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍

വെന്തമണ്ണിന്‍ വീറില്‍നിന്നു-

മുറഞ്ഞെണീറ്റ കുറത്തി ഞാന്‍

കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി-

ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.

എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍

അവരെ നിങ്ങളൊടുക്കിയാല്‍

മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍

മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.

കരിനാഗക്കളമഴിച്ച്

കുറത്തി നില്‍ക്കുന്നു

കാട്ടുപോത്തിന്‍ വെട്ടുപോലെ

കാട്ടുവെള്ള പ്രതിമ പോലെ

മുളങ്കരുത്തിന്‍ കൂമ്പുപോലെ

കുറത്തി നില്‍ക്കുന്നു.മേലാളന്മാർക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച കുറേ പാവപ്പെട്ട ജീവിതങ്ങൾക്ക് മുന്നിലാണ് കവി ഈ കവിത സമർപ്പിക്കുന്നത്..ഈ വരികളിലൂടെ കടന്നു പോകുമ്പോൾ കുറത്തി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ നമുക്കും ഉത്തരമില്ലാതെ ഇരിക്കേണ്ടി വരുന്നു....

“ നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.....”


19 comments:

 1. "നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
  നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
  നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
  നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്."

  മനസാക്ഷി നഷ്ടപ്പെട്ടൊരു സമൂഹത്തിനു നേരെയെറിയുന്ന തീ വാക്കുകള്‍ .. അങ്ങനെ ഞാനും നല്ല കവിതകള്‍ വായിച്ചു തുടങ്ങി.. പ്രശസ്ത കവികളുടെ കവിതകള്‍ അവരെ കുറിച്ചുള്ള വിവരണങ്ങള്‍ എല്ലാം ഉപകാരപ്രദം തന്നെ.. തുടര്‍ന്നും ഈ കാവ്യാഞ്ജലി നല്ല കവിതകള്‍ പരിചയപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...

  ReplyDelete
 2. വളരെക്കാലം മുന്‍പേ ജ്യോതിബായ്‌ പരിയാടത്ത് ഇത്തരം ഒരു സംരംഭം ആരംഭിച്ചു തുടര്‍ന്ന് വരുന്നു .ഇരുപതാം നൂറ്റാണ്ടിന്റെ കവിതകള്‍ എന്ന ലേബലില്‍.ഒട്ടേറെ കവിതകള്‍ അവിടെ കേള്‍ക്കാം.

  കാവ്യം സുഗേയം

  ഈ സംരംഭവും നന്നായി .:)

  ReplyDelete
 3. koodekkoode kelkkunna oru kavitha. hrudayathinte tharanga dairkhyam eteduththa oru kavithayanithu.
  nalla udyamam.

  ReplyDelete
 4. കാട്ടുവള്ളിക്കിഴങ്ങുമാന്തി

  ചുട്ടുതന്നില്ലേ ഞങ്ങള്‍

  കാട്ടുചോലത്തെളിനീര്

  പകര്‍ന്നു തന്നില്ലേ പിന്നെ

  പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍

  കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍

  കണ്ണുചിമ്മാതവിടെ ഞങ്ങള്‍

  കാവല്‍ നിന്നില്ലേ ,

  കാട്ടുപോത്ത്,കരടി,കടുവ

  നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍

  കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ

  കാത്തുകൊണ്ടില്ലേ പുലിയുടെ

  കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന്

  കോര്‍ത്തുപോയില്ലേ... 1995 ൽ ആകാശവാണി അഖിലേൻഡ്യാ തലത്തിൽ നടത്തിയ സംഘഗാന മത്സരത്തിൽ “കുറത്തി“എന്റെ ‘ആരഭി’യിലെ കുട്ടികൾ അവതരിപ്പിച്ച് ഒന്നാം സമ്മാനം വാങ്ങിയിരുന്നു.പടയണിതാളപ്പെരുമയുടെ അകമ്പടിയോടെ ഞാൻ ഇതിന് വേറൊരു സംഗീതമാണ് നൽകിയിരുന്നത്...ആ സംഗീതം ബ്ലോഗുകളിൽ ഉൾപ്പെടുത്താൻ ഉള്ള കമ്പ്യൂട്ടർ പരിഞ്ജാനം എനിക്കില്ലാത്തതിൽ വിഷമിക്കുന്നൂ...അന്ന് കടമ്മനിട്ട നേരിട്ട് വിളിച്ച് പറഞ്ഞ അഭിനന്ദനങ്ങൾ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നൂ..പ്രീയപ്പെട്ട എന്റെ കവിക്ക് ,ആ സന്ദർഭം ഇപ്പോൾ ഓർമ്മിപ്പിച്ച സീതക്കും വളരെ നന്ദി...

  ReplyDelete
 5. ഞാൻ ഇതിൽ ഒരു കമന്റിട്ടിരുന്നു. ഡിലീറ്റ് ചെയ്തതാണെങ്കിൽ അറിയിക്കുക..ഇനി വരാതിരിക്കാൻ ശ്രമിക്കാം....നന്ദി

  ReplyDelete
 6. @ചന്തു നായർ>>> ക്ഷമിക്കണം നേരത്തേ ഇട്ട കമെന്റ് സ്പാമിലായിരുന്നു...പബ്ലിഷ് ചെയ്തിട്ടുണ്ട്...നന്ദി...സന്തോഷം

  കുറത്തിയെ സ്വീകരിച്ച എല്ലാര്‍ക്കും നന്ദി

  ReplyDelete
 7. നല്ലൊരു ശ്രമം.. ആശംസകള്‍...

  ReplyDelete
 8. കുറത്തി പുള്ളി ഒരിക്കല്‍ ഞങ്ങളുടെ കോളേജ് ഡേയ്ക്ക് വന്നപ്പോള്‍ പാടിയിരുന്നു.. അന്ന് ഒരു പെണ്‍കൂട്ടിയുടെ കയ്യില്‍ നിന്ന് ഒരു ബുക്ക് വങ്ങി പുറകേ ചെന്ന് ഒരോട്ടോഗ്രാഫ് വാങ്ങിയതിപ്പോഴ്ഴും ഓറ്ക്കുന്നു..

  ഓര്‍ത്തതിനു.. ഓര്മ്മിപ്പിച്ചതിന് ഒരായിരം നന്ദി!

  ReplyDelete
 9. വളരെ നല്ല പോസ്റ്റ്
  നല്ല കാവ്യങ്ങള്‍ എല്ലാം.... വളരെ ശക്തിയുള്ള വരികളാണ്
  "നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളംന്തോണ്ടൂന്നു"

  ReplyDelete
 10. കുറത്തിയാട്ട തറയില്‍ കുറത്തി തുള്ളുന്നു .കവിതയുടെ പടയണി ത്താളം..

  ReplyDelete
 11. ആദ്യമായ് കേള്‍ക്കുന്നു :)

  ReplyDelete
 12. Sandeep.A.K, രമേശ്‌ അരൂര്‍, മുകിൽ, ചന്തു നായർ, ഇലഞ്ഞിപൂക്കള്‍, വെള്ളരി പ്രാവ്, സ്വന്തം സുഹൃത്ത്, ഷാജു അത്താണിക്കല്‍, MINI.M.B , jayalekshmi, സിയാഫ് അബ്ദുള്‍ഖാദര്‍, നിശാസുരഭി.......പ്രോത്സാഹിപ്പിക്കാനും ഓർമ്മകൾ‌ പങ്കുവയ്ക്കാനും കാണിച്ച വലിയ മനസിന് എല്ലാരോടും നന്ദി പറയുന്നു..തുടർന്നും ഈ സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 13. അങ്ങേയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ ,ഈ കവിതകളെ സമര്‍പ്പിച്ചു കൊണ്ടും ഒരു പിടി പൂക്കള്‍ അര്‍പ്പിച്ചു കൊണ്ടും നിര്‍ത്തുന്നു
  ആശംസകള്‍

  ReplyDelete
 14. നേരത്തെ കേട്ടിട്ടുണ്ട് ...പടയണി കണ്ടിട്ടും ഉണ്ട്..നിശാസുരഭി ലിങ്ക് തന്നത് കൊണ്ട് ഒന്നൂടെ കേള്‍ക്കാന്‍ സാധിച്ചു ..

  ReplyDelete
 15. innu ee chothyangall ente viplav nethakkalodu tanne chothikkutte
  നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

  കാട്ടുവള്ളിക്കിഴങ്ങുമാന്തി

  ചുട്ടുതന്നില്ലേ ഞങ്ങള്‍

  കാട്ടുചോലത്തെളിനീര്

  പകര്‍ന്നു തന്നില്ലേ പിന്നെ

  പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍

  കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍

  കണ്ണുചിമ്മാതവിടെ ഞങ്ങള്‍

  കാവല്‍ നിന്നില്ലേ ,
  നിങ്ങള്‍ ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍

  പുതിയ ഭാഷകള്‍, പഴയ നീതികള്‍,നീതിപാലകര്‍

  കഴുമരങ്ങള്‍ ചാട്ടവാറുകള്‍

  കല്‍ത്തുറുങ്കുകള്‍ കപടഭാഷണ

  ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി

  ReplyDelete