Thursday, November 17, 2011

നീ തന്നെ ജീവിതം സന്ധ്യേ - അയ്യപ്പപ്പണിക്കർ...

 കവിത: നീ തന്നെയ് ജീവിതം സന്ധ്യേ..
കവി: കെ. അയ്യപ്പപ്പണിക്കർ
ആലാപനം: നെടുമുടി വേണു
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം.മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അക്ഷര സഞ്ചാരം.പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
സന്ധ്യയെ പ്രണയവുമായി കൂട്ടിച്ചേര്‍ത് കവി നമുക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഈ കവിതയില്‍.

ഈ കവിത ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ ജീവിതം സന്ധ്യേ 
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ 
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ 
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ 
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ 
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു 
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ 

അറിയുന്നു ഞാനിന്നു 
നിന്റെ വിഷമൂർച്ഛയിൽ 
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ 
ചുണ്ടിന്റെ കോണിലൊരു 
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ 
ഒരു സൗഹൃദത്തിന്റെ 
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ 
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം 
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി 
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും 
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!

11 comments:

 1. സീത...ഏറെ വേദനിപ്പിച്ചു.
  തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയത്തിന് സമര്‍പ്പിക്കാന്‍ ഇതില്‍ പരം ഒരു സ്മാരകം ഏതാണ് ഉള്ളത്??

  "എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
  വിറയാത്ത താരവും വന്നാൽ
  അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
  കാറ്റിലുലയാത്ത മാമരം കണ്ടാൽ
  അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
  നിവരട്ടെ നിൽക്കട്ടെ സന്ധ്യേ"......

  പണ്ടേ പ്രണയിക്കുന്നു ഈ കവിതയെ പ്രാണനെപോലെ ...

  ReplyDelete
 2. നന്നായി സീതാ.ആശംസകള്‍ ...

  ReplyDelete
 3. പുതിയ കവിതയുമായി ഇനിയും വരിക....
  ആശംസകള്‍..

  ReplyDelete
 4. ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
  പിറകേ വരൊല്ലേ വരൊല്ലേ
  അവസാനമവസാന യാത്ര പറഞ്ഞു നീ-
  യിനിയും വരൊല്ലേ വരൊല്ലേ ....

  കവിത വായിക്കാൻ ഇവിടെ ഇതേ ഉള്ളൂ വഴി..

  ReplyDelete
 5. "അവസാനമവസാന യാത്ര പറഞ്ഞു നീ-
  യിനിയും വരല്ലേ വരല്ലേ.."

  സീതേച്ചി ഇവിടെ കൊടുത്തിരിക്കുന്നത് "വേനല്‍ " എന്ന സിനിമയില്‍ നെടുമുടി വേണു ചൊല്ലിയതാണെന്ന് തോന്നുന്നു.. ഞാനുമിത് തന്നെയേ ഇതു വരെ കേട്ടിട്ടുള്ളൂ.. കവി തന്നെ ചൊല്ലിയത് കേള്‍ക്കാന്‍ അവസരമുണ്ടാവുമോ ആവോ.. ഗൂഗിള്‍ കനിഞ്ഞില്ല ഇതുവരെ... :(
  any ways thanks 4 this sharing...

  ReplyDelete
 6. “ചിറകറ്റ പക്ഷിക്കു ചിറകുമായ് “
  വന്നത് നന്നായി.

  ReplyDelete
 7. നീ തന്ന ജീവിതം നീ തന്ന മരണവും
  നീ കൊണ്ടു പോകുന്നു സന്ധ്യേ
  അവസാനമവസാനമവസാനമീ യാത്ര
  അവസാനമവസാനമല്ലോ!

  ReplyDelete
 8. അങ്ങിനെ വഴിതെറ്റി ഞാനും ഇവിടെ എത്തി .....ഒക്കെ ഒരു നിമിത്തം ..പ്രിയപ്പെട്ട കവിയുടെ പാദങ്ങളില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഒരിക്കല്‍ കൂടി വായിച്ചു ....
  പിന്നെ ഇതിവിടെ ഇങ്ങിനെ അവതരിപ്പിച്ചതിന്നും നന്ദി നല്ല സംരംഭം ....

  ReplyDelete
 9. ഇത് വേനൽ സിനിമയിൽ നെടുമുടി പാടിയതിന്റെ വരികൾ ആണ്... കവിത മുഴുവനും ഇല്ല... എന്തൊക്കെ ആയാലും ഈ പോസ്റ്റിന് നന്ദി...

  ReplyDelete