Thursday, March 22, 2012

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് - എ. അയ്യപ്പന്‍

കവിത : എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
രചന :  എ. അയ്യപ്പന്‍
ആലാപനം :  എ. അയ്യപ്പന്‍പുതുയുഗത്തിനു ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച തിരുവനന്തപുരത്തെ നേമം എന്ന സ്ഥലത്ത് 1949 ഒക്ടോബർ 27നാണ് അയ്യപ്പന്‍‌റെ ജനനം. ധനാഢ്യരായ സ്വര്‍ണ്ണപണിക്കാരുടെ കുടുംബത്തില്‍ ജനിച്ച് ചെറുപ്പത്തിലെ അമ്മയും അച്ചനും നഷ്ടപെട്ടതുകൊണ്ട് സഹോദരിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന്, കമ്യൂണിസത്തിന്‍‌റെ ചൂടില്‍ തെരുവിനു വേണ്ടി ശബ്ദിച്ച് തെരുവിന്‍‌റെ കവിയെന്ന് വാഴ്ത്തപെട്ട് ഒടുവില്‍ തെരുവില്‍ എരിഞ്ഞടങിയ കവി. അതാണ് ശ്രീ അയ്യപ്പന്‍.

വിദ്യഭ്യാസശേഷം പ്രസാധകന്‍,  പത്രാധിപര്‍ എന്നീ നിലകളില്‍ സേവനമഷ്ഠിച്ചിരുന്ന എ. അയ്യപ്പന്‍ കറുപ്പ്, ബുദ്ധനും ആട്ടിങ്കുട്ടിയും, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, കാലംഘടികാരം എന്നിങനെ ധാരാളം കൃതികളിലൂടെ തന്‍‌റേതായൊരു ഇടം മലയാളകവിതാ ലോകത്തില്‍ അദ്ദേഹം നേടിയെടുത്തു. തെറ്റിയാടുന്ന സെക്കന്‍‌റ് സൂചി  എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകളും അദ്ദേഹത്തിന്‍‌റേതായിട്ടുണ്ട്. 'പ്രവാസികളുടെ ഗീതം' 1992 ലെ കനകശ്രീ അവാര്‍ഡും, 'വെയില്‍ തിന്നുന്ന പക്ഷി' 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് നേടികൊടുത്തു. 2010ല്‍ ആശാന്‍ പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങുന്നതിനും ഏതാനും ദിവസങള്‍ക്ക് മുമ്പ് ഒക്ടോബര്‍ 21ന് തെരുവില്‍ തന്നെ മരണമടയുകയായിരുന്നു.

അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം, പ്രാണനും കൊണ്ട് ഓടുകയാണ്, വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും, എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ, ഒരു മരവും മറ തന്നില്ല, ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു, അവന്റെ വായ്ക്ക് ഞാനിരയായി.
കവിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അവസാന കവിതയിലെ വരികള്‍.
----
മരണത്തെക്കുറിച്ചും മരണാനന്തര അവസ്ഥയെക്കുറിച്ചും അതില്‍ നശിക്കാതെ നില്‍ക്കുന്ന പ്രണയത്തിന്‍‌റെ ബാക്കിപത്രത്തെക്കുറിച്ചുമെല്ലാം അറം പറ്റും പോലെ കവി എഴുതിയ ഒരു ചെറിയ കവിതയാണ് "എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്". വാക്കുകള്‍ കൊണ്ട് വര്‍ണ്ണിച്ച് മലീമസമാക്കാതെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

ഇത് ഡൌണ്‍ലോഡാന് ഇവിടെ ക്ലിക്കാം

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!

*********************

3 comments:

  1. താങ്ക്സ് സന്ദീപ്

    ReplyDelete
  2. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

    ReplyDelete
  3. ഇന്നീ ഹൃദയത്തിലും നോവുമാത്മാവിലും കവിയെന്ന അങ്ങയുടെ തീരാ ദു:ഖങ്ങൾ പേറിയുള്ള ജീവിതാനുഭവങ്ങൾ കൂട്ടുണ്ട് എന്നോർക്കുക

    ReplyDelete