Wednesday, January 25, 2012

ആത്മരഹസ്യം - ചങ്ങമ്പുഴ..


കവിത            :  ആത്മരഹസ്യം
കവി               :  ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം    : 
ശ്രീ. മധുസൂദനന്‍ നായര്‍



കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...


വിയെ കുറിച്ചൊരല്‍പ്പം...



ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.
എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചു. അനന്തരം അദ്ദേഹം സാഹിതീസപര്യയുമായി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.
പ്രേമഗായകൻ എന്ന പേരിൽ പ്രസിദ്ധനായ ശ്രീ ചങ്ങമ്പുഴയുടെ കവിതകളിലെ പ്രണയം അനിർവ്വചനീയമായൊരു അനുഭൂതി തന്നെയാണു അനുവാ‍ചകഹൃദയങ്ങളിലെത്തിക്കുന്നത്..ഇവിടേയും കവി പ്രണയ നിമിഷങ്ങളെ വരച്ചിടാനാണു ശ്രമിക്കുന്നത്...പ്രണയസമാഗമ നിമിഷങ്ങളെ സുന്ദരമായി ആവിഷ്ക്കരിച്ച് താനോതിയ ആത്മരഹസ്യങ്ങൾ ആരോടും പറയരുതെന്നു പറയുന്നു കവി..കവിതകൾക്ക് ഈണം എത്ര മാത്രം ചാരുത പകരുമെന്നു മനസ്സിലാക്കിത്തന്ന ആലാപനത്തിൽ ഈ ‘ആത്മരഹസ്യം’ ഒന്നു കേട്ടു നോക്കു..


**********************************************************************************

ആത്മരഹസ്യം -  ചങ്ങമ്പുഴ കൃഷ്ണപിള്ള



ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നത്തർനനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ-
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!

എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ...

2 comments:

  1. വല്ലാത്ത പ്രണയ ഭാവം ആണ് ഈ കവിതയില്‍ ....വായിച്ചു തീരുംബോഴേക്കും ഒരു മാസ്മര ലോകത്തില്‍ എത്തിയത് പോലെ ....

    ReplyDelete
  2. പഴമയുടെ സൌന്ദര്യം ഒളിപ്പിക്കാനാവില്ല അതെ എപ്പോൾ വേണമെങ്കിലും നമ്മെ കോരിതരിപ്പിക്കും.പരിചയപ്പെടുത്തലുകളും ഒരു കലയാണ് .അതിന് ശൂദ്ധമായ മനസ്സുവേണം അല്ലെങ്കിൽ അവരെപ്പറ്റിയുള്ള മുൻധാരണകൾ പ്രതിഫലിക്കും അതൊരിക്കലും നല്ലതല്ല.
    കൂടുതൽ വരാൻ തോന്നിപ്പിക്കുന്ന കൂട്..

    ReplyDelete