Saturday, December 17, 2011

പവിഴമല്ലി - സുഗതകുമാരി...

കവിത        : പവിഴമല്ലി
കവിയിത്രി   : ശ്രീമതി. സുഗതകുമാരി
ആലാപനം : ശ്രീ വേണുഗോപാൽ (കാവ്യരാഗത്തില്‍ നിന്നും )



മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ് ശ്രീമതി സുഗതകുമാരി. 1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

  • മുത്തുച്ചിപ്പി (1961)
  • പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
  • പാവം മാനവഹൃദയം (1968)
  • ഇരുൾ ചിറകുകൾ (1969)
  • രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
  • അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
  • കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
  • തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
  • രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
  • കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
  • ദേവദാസി
  • വാഴത്തേൻ
ഇവിടെ കവയിത്രി പവിഴമല്ലിയുടെ മനോഹാരിത, പ്രണയം പരത്തുന്ന വാസന ഇവയെ ഒക്കെക്കുറിച്ച് വാചാലയാവുന്നു.. ശ്രീ വേണുഗോപാലിന്റെ സ്വരമാധുരിയിൽ മനോഹരമാക്കിയ ഈ കവിതയ്ക്ക് അനുവാചക ഹൃദയങ്ങളിൽ പ്രത്യേകസ്ഥാനമുണ്ടെന്നുള്ളതിൽ ഒട്ടും തർക്കമില്ല.

കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

പവിഴമല്ലി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.

No comments:

Post a Comment