കവി : മുരുകൻ കാട്ടാക്കട
ആലാപനം : മുരുകൻ കാട്ടാക്കട
ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കാം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കുച്ചപ്പുറം എന്ന ഗ്രാമത്തില്‍ ബി. രാമന്‍ പിള്ളയുടേയും ജി. കാര്‍ത്യായനിയുടേയും മകനായി 1967 മെയ് 25ന് ശ്രീ. മുരുകന്‍ കാട്ടാക്കട ജനിച്ചു. ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ അക്ഷരങ്ങളില്‍ ആവാഹിക്കുന്ന വൈകാരികതീവ്രത മുരുകന്‍ കാട്ടാക്കടയുടെ കവിതകളില്‍ എപ്പോഴും തെളിയുന്നുണ്ട്. കണ്ണട എന്ന കവിതയിലൂടെയാണ് കവി മലയാള കവിതാലോകത്ത് ശ്രദ്ധേയനായത്.
എല്ലാവര്‍ക്കും തിമിരം ബാധിച്ച സമൂഹത്തില്‍ നടമാടുന്ന അനീതികളിലേക്കും ചൂഷണങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന കവി നന്മയുടെ കണ്ണട ധരിക്കുന്നതിന് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മെ നയിക്കുന്നതിനവതരിച്ച ഇടയന്മാര്‍ക്കുണ്ടായ ദുര്‍ഗതി ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം ഇനിയൊരു ഇടയന്‍ മുട്ടി വിളിക്കുന്ന കാലത്തിനായി കാത്തിരിക്കുന്നതിനും ഈ കവിതയിലൂടെ ആഹ്വാനം ചെയ്യുന്നു.
എല്ലാവർക്കും തിമിരം
നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
രക്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോലക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുമ്പോള്‍
പുത്രൻ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടില്‍
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
പൊട്ടിയ താലിച്ചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശപ്പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുമ്പിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
പിഞ്ചു മടിക്കുത്തൻപതുപേർ ചേർ-
ന്നിരുപതു വെള്ളിക്കാശുകൊടുത്തി-
ട്ടുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
ന്നിരുപതു വെള്ളിക്കാശുകൊടുത്തി-
ട്ടുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമക്കാറിന്നുള്ളിൽ
സുഖശീതളമൃദു മാറിൻ ചൂടിൽ
ഒരു ശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
തിണ്ണയിലമ്പതു കാശിൻ പെൻഷൻ
തെണ്ടിയൊരായിരമാളെക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തിപ്പായാൻ മോഹിക്കും
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടയ്‌ക്കുക തിമിരക്കാഴ്ച്ചകൾ
സ്ഫടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്‌ക്കുക കാഴ്ചകള്‍
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം
നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം
പ്രിയകവിത
ReplyDeleteമുരുകൻ സാറിന്റെ ശ്രദ്ധേയമായ കവിത. ഒരുപാടു തവണ വായിച്ചു. കേട്ടു. ഇനിയെത്ര ആസ്വദിച്ചാലും പുതുമയും പ്രസക്തിയും നഷ്ടപ്പെടാത്ത കവിത.
ReplyDeleteശുഭാശംസകൾ......
ഹൃദ്യം..മനോഹരം.
ReplyDelete