Wednesday, October 26, 2011

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു - സച്ചിദാനന്ദൻ...

കവിത : ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
കവി : ശ്രീ സച്ചിദാനന്ദന്‍
ആലാപനം : ശ്രീ സച്ചിദാനന്ദന്‍




തൃശ്ശൂരിന്റെ സ്വന്തം കവി.. കൊടുങ്ങല്ലൂരിൽ, പുല്ലാറ്റ് എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ 1946 ഇൽ ജനിച്ച കോയപ്പറമ്പത്ത് സച്ചിദാനന്ദൻ എന്ന കാവ്യലോകത്തിന്റെ സച്ചിദാനന്ദൻ മാഷ് മലയാളഭാഷയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ലായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക് തുടങ്ങി പതിനാറോളം ഭാഷകളിൽ പ്രാവീണ്യം ഉള്ള കവി, വിശ്വവിഖ്യാത സാഹിത്യങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തി. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയും കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ആംഗലേയ സാഹിത്യത്തിൽ ഡോക്റ്ററേറ്റ് നേടി അദ്ധ്യാപകനായി ജോലി നോക്കിയ അദ്ദേഹം, പിന്നീട് സാഹിത്യ സപര്യക്ക് വേണ്ടി തന്റെ ജോലി ഉപേഷിക്കുകയായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികൾ ധാരാളം. കടൽ കടന്നെത്തിയവയും അദ്ദേഹത്തിന്റെ കാവ്യസപര്യക്ക് പൊൻ‌തൂവൽ‌ ചാർത്തിക്കൊടുത്തു. കാർലോ സവിനി പോലെ പ്രസിദ്ധരായ വിശ്വസാഹിത്യ വിമർശകർ പോലും അംഗീകരിച്ച ആ തൂലിക മലയാളത്തിന്റെ സ്വന്തമെന്നു പറയുമ്പോൾ നമുക്കഭിമാനിക്കാൻ വേറെന്തു വേണം.

“ഒടുവിൽ ഞാനൊറ്റയാകുന്നു” എന്ന ഈ കവിതയിലും കവി തന്റെ വ്യത്യസ്തമായ രചനാശൈലിയിൽ ജീവന്റേയും ജീവിതത്തിന്റേയും നിലനിൽ‌പ്പിനേയും അസ്തിത്വത്തേയും തത്വചിന്താധിഷ്ഠിതമായി വരച്ചു കാട്ടുകയാണ്.

ഇന്നത്തെ സമൂഹത്തിന്റെ വ്യക്തമായ മുഖമിവിടെ കാണാം, ഒറ്റപ്പെടുന്ന മനുഷ്യന്റേയും. ചുറ്റുപാടിനെ എത്ര സൂഷ്മമായി അദ്ദേഹം നിരീക്ഷിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് “ തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവിട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു” എന്ന വരികൾ. പക്ഷിക്കൂട്ടം പറന്നകലുമ്പോഴുണ്ടാവുന്ന ചില്ലയുടെ വിറയൽ ഇതിലും ഭംഗിയായി എങ്ങനെ പറയാൻ കഴിയും? പിന്നീടുള്ള വരികളിലെ ആശുപത്രിയുടെ ചിത്രം സാധാരണക്കാരന്റെ മനസ്സിനു സുപരിചിതം തന്നെ.

അധികാരമോഹികളുടെ പ്രലോഭനവും, തത്വചിന്തകൾ പറയുന്ന ഭ്രാന്തനെന്നു സമൂഹം വിളിക്കുന്നവരുമൊക്കെ സ്ഥിരം കാണുന്ന മുഖങ്ങൾ തന്നെ. ഒരു അദ്ധ്യാപകന്റെ കവിത പഠിപ്പിക്കേണ്ടുന്ന അവസ്ഥയെ എത്ര ഭംഗിയായാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. യജമാനഭാഷയിൽ ക്ലാസ്സുമുറിയെന്ന തടവറയിൽ മൊഴിയേണ്ടി വരുന്ന കാവലാളാണു ഞാനെന്നു പറയുമ്പോൾ വരികളിലെ നിസ്സഹായത വളരെ സ്പഷ്ടം. മിത്രങ്ങൾക്കിടയിലെ അവസ്ഥയും വിവരിച്ച്, സമൂഹത്തിന്റെ നാളെയെ ഉൽക്കണ്ഠയോടും ആകുലതയോടും സമീപിക്കുന്ന കവി ഒടുവിൽ സാന്ത്വനത്തുരുത്തായെത്തുന്ന പ്രിയതമയിൽ  കവിതയെ കൊണ്ടെത്തിക്കുന്നു.

പോസിറ്റിവ് ചിന്താഗതിയോടെ നാളെയുടെ നന്മ അവശേഷിക്കും വരെ എങ്ങനെ ഒറ്റയാകും നമ്മളെന്ന ചോദ്യം ചോദിച്ച് കവി തന്റെ കവിത അവസാനിപ്പിക്കുമ്പോൾ അനുവാചകഹൃദയങ്ങളിൽ നിന്നും ഉയരുന്നത് ആശ്വാസത്തിന്റെ നെടുവീർപ്പുകൾ തന്നെയാവും.

ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഒടുവില്‍ ഞാനൊറ്റയാകുന്നു
ചുമലിലിരുന്നാ മഴപക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നൂ
ഒരു ഗ്രാമ വിധവപോലിലകൊണ്ട് തലമൂടി
മെലിവാര്‍ന്ന കാറ്റു പോകുന്നു
തെളിവാനില്‍ ഒരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതന്‍ ഞാണ്‍ വിറക്കുന്നു

ഒരു കച്ചു ചാലായ് വറ്റുന്നു മാനവും
ഒടുവില്‍ ഞാനൊറ്റയാകുന്നൂ

ഒടുവില്‍ ഞാനൊറ്റയാകുന്നു
തെരുവിലേക്കെറിയുന്നു ചോരയും ദൈന്യവും
ഒരു കൊച്ചു പന്തു പോലെന്നെ
മതമോഹകാമപീഢിതരായി
ഷുദ്ധാര്‍ത്ഥരായലയുന്നു രോഗികള്‍, മനുഷ്യര്‍
ചിലര്‍ നാലുചക്രത്തില്‍,
ചിലര്‍ രണ്ടില്‍ ചിലര്‍ കാലില്‍
ഇതൊരാശുപത്രിയിടനാഴി.
ഇണകാത്ത്, തുണകാത്ത്
വിധികാത്ത്, മൃതികാത്ത്
തലതല്ലിയാര്‍ത്ത് തെറി ചൊല്ലി,
മീനിന്നു വിലപേശി ജീവനു വിലപേശി
നാടിനു വിലപേശി നില്‍‌പോര്‍.
ശവവണ്ടി പോലീച്ചയാര്‍ക്കും മുഖങ്ങളില്‍
മരവിച്ച് വീര്‍ത്ത സ്വപ്നങ്ങള്‍


ഒരു കൊച്ചുപുല്ലിന്‍‌റെ തണലില്ല പൂവില്ല
കിളിയും കിളിപാട്ടുമില്ല
ഗണനായകന്‍ മാത്രമമറുന്നു
പുലരിയെ, സമരോഗ്രഭൂമിയെ പറ്റി.
ഇരകള്‍ക്കു മീതെ പറക്കും പരുന്തുപോല്‍
അവന്‍, ആര്‍ത്തു ചുറ്റുന്നു വാക്കില്‍
വെറുതെയീ അധികാര മോഹിതന്‍ പ്രലോഭനം
പറയുന്നു ഖിന്നനൊരു ഭ്രാന്തന്‍
ഒരു സൂര്യനും ഉദീപ്പീല നിങ്ങള്‍ക്ക്
തളിര്‍ കരിയുന്ന നട്ടുച്ചയൊഴികെ
വരവില്ല ഒരു സ്വര്‍ഗ്ഗ ദൂതനും
പൈതലിന്‍ നിണമാര്‍ന്ന കൊക്കു നീട്ടാതെ
പിരിയുന്നു, പിരിയുന്ന തൂക്കുകയര്‍പോല്‍ യോഗം
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകന്നു
കലപില കലമ്പുന്ന ശിഷ്യര്‍ക്കിടക്ക് ഞാന്‍
മണിയടിക്കൊപ്പമെത്തുന്നു
കവിത പകുക്കേണമിവരുമായി
തീന്മേശ കുടിലം, കഠിനമീയപ്പം
അടകല്ലിലെന്നപോല്‍ ചടുലമത് താടിയെ-
ല്ലിടയില്‍, എന്‍ വചനമൊരു കൂടം
തടവുമുറിയീമുറി യജമാനഭാഷയില്‍
മൊഴിയുമൊരു കാവലാളീഞാന്‍.
അറവുമൃഗങ്ങളിവര്‍ക്ക്മേല്‍ കത്തിപോല്‍
കവിതതന്‍ ക്രൂരമാം കരുണ.
പുഴകള്‍ നിലാവുകള്‍ കളികള്‍
ബാല്യത്തിന്‍‌റെ ഇലകള്‍,
നാടോടിയീണങ്ങള്‍
ഒരുപിടി ചാരമായമരും ശിലാകലശം
ഇവരുടെ മാറില്‍ തുടിപ്പൂ
കടലാസുപൂക്കളില്‍ മധുതേടിയുഴറുന്ന
ശലഭങ്ങളതിലെന്‍‌റെ വരികള്‍
മണിയൊച്ച വാളു പോല്‍ പിളരുന്നു ഞങ്ങളെ
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
വരവായി മിത്രങ്ങള്‍ ഉയരുന്ന ശബ്ദത്തില്‍
വിറകൊള്‍വു മുറിയിലെന്‍ ബുദ്ധന്‍
കവിതയും കരുണയും കിനിയാത്ത
ഹൃദയത്തിലുറവ വറ്റീടും വിപ്ലവങ്ങള്‍
കഠിനമാം യുക്തിതന്‍ ചക്രത്തിലരയുന്ന
ഹരിതമാനവികത സത്യങ്ങള്‍
അരിയേത് അണിയേത് നാടിന്‍‌റെ
അകമേതതറിയാതെ ഒലിച്ചുപോം  രക്തം.
ഇളകാത്ത മണ്ണില്‍ വേരോടാതഹന്തയാല്‍
മുരടിച്ച മോചനോത്സാഹം.
ഉയരുന്നു തേങ്ങലിന്‍ തിരകള്‍ പോല്‍
സംസാരം, ഉണരാത്ത ഭൂമിതന്‍ മീതെ.
വ്യസനം പുളിപ്പിച്ച വാക്ക്,
വാത്മീകിതന്‍ പഴയോരടുപ്പില്‍ വേവിച്ചും
ഒരു ചിരി തന്‍ കതിര്‍ കൊക്കില്‍വച്ചരികിലെ-
കരതന്‍ കിനാവു കൂര്‍പ്പിച്ചും പിരിയുന്നു മിത്രങ്ങള്‍
പാല്‍ പോല്‍ പകല്‍ പിരിഞ്ഞ്
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
ഇരുളെത്തി, കുഞ്ഞുങ്ങള്‍ കളി നിര്‍ത്തി
അവര്‍കാണെ വളരുന്നു, വളരുന്നു ഭയവും
ചെറുമിഴികള്‍ പിളരുമോ വേതാള നൃത്തങ്ങള്‍
ചെറുചെവിയില്‍ അലറുമോ രക്തം

ചെറുകഴല്‍ കടയുമോ പാതകൾകടല്‍താണ്ടി
ചെറുകുടല്‍ കീറുമോ വ്യാളി.
യമവൃക്ഷ ശിഖിരങ്ങള്‍, പോര്‍വ്വിമാനങ്ങള്‍-
തന്നിലകള്‍ തീമഴ പോലെ വീഴ്കെ
മരണം മരണമെന്നെഴുതി പരക്കുന്ന
പുകയേറ്റ് തളരുമോ പ്രാണന്‍.
മതി നിര്‍ത്തൂ, കടലടിക്കളയില്‍ കുരുങ്ങി-
ഞാനുഴറുന്നു ശ്വാസമില്ലാതെ.
ഒരു തുരുത്തായിതാ പ്രിയതമ,
അവളിലുണ്ടതിപുരാതന സ്വാന്തനങ്ങള്‍
കടുവയും മുയലുകളും അലയും വനങ്ങള്‍
വന്‍ മുനികള്‍ തപം കൊണ്ട ഗുഹകള്‍.
മുകിലുരുമ്മും പീഢഭൂമികള്‍
ആദ്യമായ് പുലരിയുറന്ന താഴ്വരകള്‍.
പടഹങ്ങളുണരുന്ന രണഭൂമികള്‍
ബലിതന്‍ ഋതുക്കള്‍ പിതൃക്കള്‍.
വ്രതഭക്ത കൃഷ്ണകള്‍ പ്രഥമ ഗോത്രങ്ങള്‍തന്‍
വ്രണിതോഗ്ര നൃത്താരവങ്ങള്‍
അജപാല ഗീതങ്ങള്‍,  പരിത്രതന്‍ താളങ്ങള്‍
അനിരുദ്ധ ജനജാഗരങ്ങള്‍
അവളുടെ മണല്‍‌തട്ടിലെത്തി ഞാന്‍ തിരയുന്നു
അഭയമാം സ്നേഹാര്‍ദ്ര ഭൂവില്‍
അവളിലേക്കൂളിയിടുന്നു ഞാന്‍
ഉത്സവ നടുവിലേക്കൊരു കുട്ടി പോലെ
കൊടിമേളം, അമ്മ ദൈവത്തിനു കുരുതികള്‍
ചെവിയാട്ടുമാനകള്‍, നിറങ്ങള്‍
പെരിയൊരാള്‍ക്കൂട്ടത്തിലാണ്ടു വിയര്‍ത്തു ഞാ-
നുയരുന്നു രാപാവില്‍ തന്നില്‍
പിറുപിറുക്കുന്നു തകര്‍ന്ന ബാബേലിന്‍‌റെ-
യടിയില്‍ ഞെരിഞ്ഞ പോല്‍ ഞങ്ങള്‍.
ചിരിയോടെ പറയുന്നു ഞാന്‍
മര്‍ത്യവംശത്തിനവസാന ദമ്പതികള്‍ നമ്മള്‍
ഈയുള്ളിലിവള്‍ തേങ്ങുന്നു, ദുഃസ്വപ്ന വീഥികളില്‍
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നൂ.

ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
അരുതരുത് പറയരുത് നാം നാല്‍‌വര്‍
നാംനൂറ്  നാം നൂറുലക്ഷങ്ങളല്ലോ
പറയുന്നതാരാണതാരാണുണര്‍ന്നതെന്‍
ചെറുമക്കള്‍, ചെറുമക്കളല്ലോ.
കരയുന്നതെന്തിന്നു കാലത്തിലെവിടെയോ
പുതുവംശമൂറിതുടിക്കേ,
മിഴിയോര്‍ക്ക, മിഴിയോര്‍ക്ക രശ്മിപോല്‍
ചെറുകൈകള്‍ ഉയരുന്നു ഈ നിശക്കെതിരെ.
ചെവിയോര്‍ക്ക, ചെവിയോര്‍ക്ക തിരപോല്‍-
കുരുന്നുകാലുയരുന്നിതസുരനു മീതെ.
കരളോര്‍ക്ക, കരളോര്‍ക്കിളം കണ്ഠനാള-
ങ്ങളൊരുമിക്കുമാഗ്നേയ രാഗം.
അരുതരുത് യുദ്ധങ്ങള്‍, കരയരുത് തെരുവുകളി-
ലരുവിയായ് ദളിതര്‍തന്‍ രക്തം.
അരുതിനിയും അമ്മക്ക് പശിയും
അച്ഛനു തൂക്കുമരവുമരുളുന്ന രണനൃത്തം.
അരുതരുത് ഉയരുമീ മുഷ്ടിതന്‍രുഷ്ട-
ബോധികളെയരിയും മഹാ ദുരധികാരം.

അരുതിനി ഖനികളില്‍, വനങ്ങളില്‍,
മനങ്ങളില്‍ യമപൂജചെയ്യുന്ന ലോഭം.

ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഈ ഭൂമി വൃദ്ധയാവോളം
ഊര്‍ദ്ധ്വബാഹുവൊരാള്‍ അനീതിയാലസ്വസ്ഥം
ആത്മാവില്‍ നിലവിളിപ്പോളം
അലിവിന്‍‌റെ പകല്‍ പിരിഞ്ഞൊടുവിലാ
സ്വതന്ത്രപഥികനും ഇരുട്ടില്‍ വീഴുവോളം
ഞാനൊറ്റയാകുന്നതെങ്ങിനെ കിടാങ്ങളേ
ഞാനൊറ്റയായ് പോകുവോളം
ഞാനൊറ്റയായ് പോകുവോളം

12 comments:

  1. ഈ കവിത വായിക്കാന്‍ അവസരമൊരുക്കിത്തന്ന 'കാവ്യാഞ്ജലി'ക്ക് ഒരായിരം നന്ദി...!

    ReplyDelete
  2. കവിതയ്ക്കും, കവിതയെ പറ്റിയും, കവിയെ പറ്റിയുമുള്ള വിവരണങ്ങള്‍ക്കും നന്ദി.

    ReplyDelete
  3. സുഹൃത്തെ...കവിതയും , അതിനു നല്‍കിയ വിവരണവും നന്നായിട്ടുണ്ട്... കവിയെ കുറിച്ചുള്ള വിവരണം കൂടി നല്‍കിയത് പ്രശംസനീയം...


    ആശംസകള്‍...

    ReplyDelete
  4. ഓപ്പോളേ..
    കവിതകള്‍ അധികം വായിക്കാത്ത ഞാന്‍ ആദ്യമായി വായിക്കുകയാണ് ഇത്.. നന്ദി ഈ കവിതാ പരിചയത്തിന്... സച്ചി മാഷിന്റെ നാട്ടുക്കാരനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് ഞാന്‍ ഒരു അഭിമാനമായി കരുതുന്നു.. അദ്ദേഹം പഠിച്ച സ്കൂളില്‍ ആണ് ഞാനും പഠിച്ചത് എന്ന് പറയുമ്പോഴും ഞാന്‍ അതിരറ്റു അഭിമാനിക്കുന്നു..

    ഒരിക്കല്‍ അദ്ദേഹത്തോട് ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തപ്പോള്‍ ശരിക്കും ആദരവു തോന്നിയത് മാഷിന്റെ സംസാരത്തിലെ ലാളിത്യം കൊണ്ടാണ്.. മഹാനായ ഒരു കവി എന്നെപോലൊരു നിസ്സാരനോട് വിനയത്തോടെ സഹിഷ്ണുതയോടെ ഒട്ടു നേരം സംസാരിച്ചു.. നാടിനെ കുറിച്ചും പണ്ട് പഠിച്ച വിദ്യാലയത്തെ കുറിച്ചും അവിടത്തെ അദ്ധ്യാപകരെ കുറിച്ചും ഒക്കെ പറഞ്ഞത് ഞാന്‍ കൗതുകത്തോടെ കേട്ടിരുന്നു..

    ഈ പ്രായത്തിലും അദ്ദേഹം സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമാവുന്നതും ഒരു അത്ഭുതമാണ്.. ഇന്ന് കേരളത്തിലെങ്കില്‍ നാളെ ഗള്‍ഫിലോ മറ്റോ നടക്കുന്ന ഒരു സാഹിത്യസമ്മേളനത്തില്‍ മുഖ്യപ്രാസംഗികനാവും അദ്ദേഹം.. ഇതിനിടയിലെ സ്വന്തം സര്‍ഗ്ഗ രചനകളും മറ്റു translationഉകള്‍ പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.. അദ്ദേഹത്തിന്റെ ഒരു ദിവസത്തിനു 24 മണിക്കൂറിലധികം ഉണ്ടാവുമോ എന്ന് ആശ്ചര്യചിന്ഹത്തോടെ ഞാന്‍ സ്വയം ചോദിച്ചു പോകുന്നു..

    നോബല്‍സമ്മാന പരിഗണന വാര്‍ത്തയും അതിനു പിന്നാലെ വന്ന വിവാദവും നിലനില്‍ക്കുമ്പോള്‍ തന്നെയും ഈ കവിത പരിചയപ്പെടുത്തിയത് അവസരോചിതമായി.. "ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു" എന്ന വരിയില്‍ എല്ലാമുണ്ട്.. കവിതയിലൂടെ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.. ഈ കവിതയും അത് ചൊല്ലികേട്ടതും ഏറെ ഇഷ്ടമായി.. നന്ദി സച്ചി മാഷിന്..

    ReplyDelete
  5. ഈ കവിതയ്ക്ക് വളരെ നന്ദി സീതേ.
    സച്ചിയുടെ കവിത ഇത് വരെ ഞാന്‍ audio
    കേട്ടിരുന്നില്ല. വായിചിട്ടെയുള്ളൂ.
    പരിചയപ്പെടുത്തലും നന്നായി.
    ഇത്തരം കവിതകള്‍ ഇനിയും പരിചയപ്പെടുത്തുക

    ReplyDelete
  6. നല്ല വിവരണങ്ങള്‍ക്കു നന്ദി സ്നേഹപൂര്‍വ്വം വിനയന്‍ ....

    ReplyDelete
  7. നന്ദി...... ഒരുപാടൊരുപാട്..

    ReplyDelete
  8. താങ്കളുടെ ഈ മഹദ്‌സംരഭത്തിന് ആദ്യം നന്ദി പറയട്ടെ.
    അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ, ഒ.എൻ.വിയുടെ സൂര്യഗീതം, ചുള്ളിക്കാടിന്റെ യാത്രാമൊഴി, ജോസഫ് എന്നീ കവിതകളും കേൾക്കാൻ ആഗ്രഹിക്കുന്നു.

    ReplyDelete