Tuesday, September 20, 2011

ഉണരാത്ത പത്മതീർത്ഥങ്ങൾ‌ - മുരുകൻ കാട്ടാക്കട...

കവിത         :  ഉണരാത്ത പത്മതീർത്ഥങ്ങൾ
കവി            :  ശ്രീ. മുരുകൻ‌ കാട്ടാക്കട
ആലാപനം  :  ശ്രീ. മുരുകൻ‌ കാട്ടാക്കട



തിരുവനന്തപുരത്തിന്റെ സ്വന്തം കവി. കാട്ടാക്കടയിൽ ജനിച്ച് അനന്തപുരിയുടെ സ്പന്ദനങ്ങൾ അറിഞ്ഞ്, നെയ്യാറിനെ തഴുകി വരുന്ന കാറ്റേറ്റ് വളർന്ന്, അദ്ധ്യാപനത്തിന്റെ നാൾ വഴികളിലൂടെ നടന്ന് വെള്ളിത്തിരയിൽ മാറ്റുരയ്ക്കുന്ന കവിത്വം. വാക്കുകളുടെ ശക്തി തുളുമ്പുന്ന കവിതകളെന്നും അദ്ദേഹത്തിനു സ്വന്തം.

കവിയുടെ ഏറെ ജനപ്രീതി നേടിയ കവിതയാണ് “ഉണരാത്ത പത്മതീർ‌ത്ഥങ്ങൾ”.. ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ നിഷ്ക്രിയരായി നോക്കി നിന്ന ഒരു ജനക്കൂട്ടത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കവിതയാണിത്.

ഇത് ഡൌൺലോഡാൻ‌ ഇവിടെ ക്ലിക്കാം

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വകയായ പത്മതീർത്ഥക്കുളത്തിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നൊരു സംഭവം അരങ്ങേറി. എവിടെ നിന്നോ വന്നൊരു ഭ്രാന്തൻ തീർത്ഥക്കുളത്തിൽ ആത്മഹത്യക്കൊരുങ്ങി. അത് തടയാൻ പലരും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. എല്ലാരും നിർന്നിമേഷരായി നോക്കി നിൽക്കെ ക്ഷേത്രം ജീവനക്കാരിലൊരാൾ മാത്രം കുളത്തിത്തിലേക്കിറങ്ങിച്ചെന്ന് അയാളെ രക്ഷിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ നിർഭാഗ്യമെന്നോണം ഭ്രാന്തൻ ആ മനുഷ്യനെ മുക്കിക്കൊല്ലുകയാണ് ചെയ്തത്. മനസാക്ഷിയെ ഞെട്ടിച്ചത് അതിനേക്കാൾ ക്രൂരമായ മറ്റൊരു സംഭവമായിരുന്നു. ഭ്രാന്തന്റെ ഈ പ്രവൃത്തി ഒരു ചാനൽ തത്സമയം സം‌പ്രേഷണം ചെയ്തു കൊണ്ടിരുന്നു.

ഇവിടെയാണ് കവിയുടെ മനസ് പ്രതിഷേധിക്കുന്നത്. അത് നേരിട്ടുള്ള സം‌പ്രേഷണം ചെയ്ത് ചാനലിന്റെ റേറ്റ് കൂട്ടുന്നതിനു പകരം ആ മനുഷ്യനെ ഭ്രാന്തന്റെ കൈകളിൽ നിന്നും രക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് കവി കവിതയിലൂടെ ചോദിക്കാതെ ചോദിക്കുന്നു. ഇടം കാലിലെ മന്ത് വലം കാലിലേക്ക് ചോദിച്ച് വാങ്ങിയ വരരുചിപ്പുത്രനായ നാറാണത്തുഭ്രാന്തന്റെ പിൻ‌ഗാമി ഒരു മനുഷ്യജീവനെ ചവിട്ടിത്താഴ്ത്തുന്നത് ഇതികർത്തവ്യതാമൂഢരായി നോക്കി നിൽക്കുന്നവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്ന് കുറ്റബോധത്തോടെയും ആത്മനിന്ദയോടെയും കവി സമ്മതിക്കുന്നുണ്ട്.  ജന്മകർമ്മങ്ങളെ പാതിയിൽ നിർത്തി ഉഛ്വാസവായു കിട്ടാതെ ചേറ്റിലമർന്ന് പൊലിഞ്ഞു പോയ ആ ജീവന്റെ ആശ്രിതരുടേയും വീടിന്റെയും കണ്ണീർച്ചിത്രം വരച്ച് അനുവാചക ഹൃദയങ്ങളിൽ സംഭവത്തിന്റെ കാഠിന്യം കൂട്ടാനും കവി ശ്രമിക്കുന്നു..

ഒന്ന് കേട്ടു നോക്കു... നിങ്ങൾക്ക് മുന്നിലാ ചിത്രം തെളിയാതിരിക്കില്ല... അറിയാതെ നിങ്ങളുടെ മനസ്സും പറഞ്ഞു പോകും ഒരു കൊച്ചു കുട്ടിയെങ്കിലും ഒരു കല്ലെടുത്ത് ആ രംഗം ചിത്രീകരിച്ചു കൊണ്ടിരുന്ന ക്യാമറയിലേക്കെറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവർ നഷ്ടമായ കർത്തവ്യബോധം തിരികെപ്പിടിച്ച് ആ ജീവനെ രക്ഷപ്പെടുത്താൻ തുനിഞ്ഞേനെയെന്ന്.... പത്മതീർത്ഥം പോലും അപ്പോഴുറങ്ങുകയായിരുന്നുവോ?

ഉണരാത്ത പത്മതീർത്ഥങ്ങൾ‌..













നിൽക്കുന്നു ഞാൻ പത്മതീർത്ഥത്തക്കുളത്തിന്റെ
ഭിത്തിയിൽ, കയ്യൂന്നി താടി താങ്ങി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ..

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

താഴേക്കുളത്തിൻ‌ അകപ്പടിയിൽ നിൽ‌പ്പാണ്
ബോധവീണക്കമ്പി പൊട്ടിയോൻ
മന്തിടം കാൽ വലം കാലേറ്റ് വങ്ങിയോരു
വരരുചിപ്പുത്രന്റെ പിൻപറ്റിയോൻ

ചാരേയൊരാൾ‌ നിൽ‌പ്പൂ, ഏറെ കൃശഗാത്രൻ‌
ഭീതിയോടെങ്കിലും യാചിപ്പൂ
സോദരാ.. പോരൂ വഴുക്കും പടികൾ‌കേറി

പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നു
തന്നിലേക്കെറ്റി വീഴ്ത്തുന്നു ബലിഷ്ഠകായൻ‌
ഇറ്റുനേരം കൊണ്ട് ചേറ്റിലേക്കാഴ്ത്തി
തൻ നഗ്നപാദത്താൽ‌ ചവിട്ടി നിന്നു

പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
പച്ചജീവൻ കാൽ‌ച്ചുവട്ടിൽ പിടയ്ക്കുമ്പോൾ‌
നിഷ്ക്കളങ്കൻ, ഭ്രാന്തച്ചിത്തൻ‌ ചിരിക്കുന്നു
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
തൊടിയിലായോടിക്കളിക്കുന്ന പൈതലെ
പടിയിലായ് കൺ‌പാർത്തിരിക്കുന്ന പത്നിയെ
പാതിയിൽ നിർ‌ത്തിയ ജന്മകർ‌മ്മങ്ങളെ
പാടേ മറന്നുഛ്വസിക്കാൻ‌ മാത്ര കിട്ടാതെ
ചേറിൽ‌പ്പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞുപോയ്

കത്തിജ്ജ്വലിക്കാതെ സൂര്യൻ
കരിമ്പട്ടു ചുറ്റിപ്പതുങ്ങിയൊളിഞ്ഞു നിൽ‌പ്പൂ
ഇത്തിൾ മരത്തിന്റെ കൊമ്പിൽ ബലിക്കാക്ക
വറ്റുകൾ‌ തേടിപ്പറന്നിറങ്ങി

രാജപ്രതാപം മറന്ന മേത്തൻ‌മണി
വാ തുറന്നൊച്ചയുണ്ടാക്കാതെ പൂട്ടി
ചുറ്റുമൊരായിരം കാണികൾ, ഞാനും
അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ

ആരോ പറയുന്നുണ്ടെന്തു ഭാഗ്യം
‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം
എത്ര നേരം കുമിള പൊന്തുമെന്നെണ്ണുവാൻ‌
കുട്ടികൾ മാത്സര്യമേറ്റിടുന്നു

കോളപ്പരസ്യത്തിനൊപ്പമാ
പ്രേക്ഷകർ‌ കോരിത്തരിക്കുമീ കാഴ്ച പകർ‌ത്തുവാൻ‌
ചാനൽ‌പ്പരുന്ത് പറക്കുന്നു ചുറ്റിലും

നിശ്ശബ്ദരായ് കാഴ്ച കാണുവാൻ
കൽ‌പ്പിച്ചുനിൽക്കുന്നു നിശ്ചലം നിയമപാലർ
ഫയർ‌ഫോർ‌സ് വണ്ടിയിൽ‌ അക്ഷമരായ്
രണ്ട് രക്ഷകർ‌ തമ്മിൽ പിറുപിറുത്തു..

“ചാവാതിറങ്ങുവാൻ നിയമമില്ലിന്നെത്ര
നേരമായ് കാത്തിരുപ്പാണ് നാശം..”

നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ കരയേറി
നിശ്ചലം നിന്നോർ മടക്കമായി
നിശ്ശബ്ദനായ് ഭ്രാന്തച്ചിത്തൻ‌ കരയേറി
നിശ്ചലം നിന്നോർ മടക്കമായി..
കത്താക്കരിന്തിരിയായി നമ്മിൽ നന്മകൾ
കല്ലുകൊത്തിപ്പണിഞ്ഞു മനസു തമ്മിൽ..

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്

ഉണരാത്ത പത്മതീർത്ഥങ്ങളും പേറി
നാം പിരിയുന്നു, നിസ്വരായ്, നിസ്സംഗരായ്..!

***

17 comments:

  1. പത്മമില്ല തീർത്ഥപുണ്യമില്ലാ, ജലം
    നിശ്ചലം വശ്യാംഗിതൻ‌ ജഢം പോൽ‌
    ചുറ്റുമൊരായിരം കാണികൾ, ഞാനും
    അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ‌

    ReplyDelete
  2. വാര്‍ത്ത‍ കേട്ടിരുന്നു..കവിത മനസ്സില്‍
    തീ കോരിയിട്ടു...

    നന്ദി ഇത് ഷെയര്‍ ചെയ്തതിനു സീത..

    ReplyDelete
  3. ഈ ബ്ലോഗ്ഗില്‍ കമന്റ് എഴുതുന്നതില്‍ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല .മുരുകന്‍ കാട്ടാക്കട ആയിരുന്നു ബ്ലോഗര്‍ എന്കിന്ല്‍ എന്തെങ്കിലും പറയാമായിരുന്നു ,,:)

    ReplyDelete
  4. "ചുറ്റുമൊരായിരം കാണികൾ, ഞാനും
    അങ്ങെത്തിനോക്കുന്നുണ്ടകക്കുളത്തിൽ"

    ReplyDelete
  5. സീതായനത്തില്‍ സീതയുടെ ഒരു പോസ്റ്റാണു പ്രതീക്ഷിച്ചത്.
    മുരുകന്‍ കാട്ടാക്കടയുടെ കവിത ഇഷ്ടമാണ്.

    ReplyDelete
  6. മലയാളികള്‍ നിഷ്ക്രിയരായ് നോക്കിനിന്ന ആദ്യസംഭവമായിരുന്നു അതെന്ന് തോന്നുന്നു. അവിടന്നങ്ങോട്ട് പിന്നെ നമുക്കത് ശീലമായ്.

    ReplyDelete
  7. സീതയ്ക്ക് നന്ദി

    ReplyDelete
  8. :) ആലാപനമികവും കാവ്യാനുഗ്രഹവും കൊണ്ട് മുരുകന്‍ കാട്ടാക്കട കൊതിപ്പിക്കുന്നു..

    സീതാ, കവിതാ പരിചയം തുടരട്ടെ.

    ReplyDelete
  9. സീത, ഇതു വായിക്കുമ്പോള്‍ ടീവില്‍ ഈ നടുപ്പിക്കുന്ന രംഗം വന്നത് ഓര്‍മയില്‍ വന്നു. അത് കാണുമ്പോള്‍ ഞാന്‍ പറഞ്ഞു "ഇത്രയും ജനങ്ങള്‍ കാണുവാന്‍ ഉണ്ടായിട്ടും ഒരു പാവം മനുഷ്യന്‍ മാത്രമാണല്ലോ ആ ഭ്രാന്തന്റെ അടുത്തേക്ക് പോകുന്നത്..(ഞാന്‍ മാത്രം അല്ല, അത് കണ്ടിരുന്ന എല്ലാ മനുഷ്യരും പറഞ്ഞു കാണും) ആ കാഴ്ച മുഴുവന്‍ കാണാതെ ഞാന്‍ റൂമില്‍ നിന്നു ഇറങ്ങി. വല്ലാത്ത വിഷമം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.. മലയാളികളുടെ മനുഷ്യത്വതിനെ അളവ് അന്ന് ലോകം മുഴുവന്‍ കണ്ടു.
    കാട്ടകടയുടെ ഈ കവിത ഇവിടെ കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍...
    കാട്ടകടയുടെ ഈ കവിത മലയാളി മനസുകളില്‍ വീണ്ടും മനുഷ്യത്വത്തിന്റെ വിത്തുകള്‍ പാകുവാന്‍ ഉതകട്ടെ എന്ന്‌ ആശംസിക്കുന്നു..
    പ്രിയ കവിക്ക്‌ ഒരായിരം ഭാവുകങ്ങള്‍ നേരുന്നു...
    സസ്നേഹം
    www.ettavattam.blogspot.com

    ReplyDelete
  10. ഇത് ഷെയര്‍ ചെയ്തതിനു നന്ദി സീത.

    ReplyDelete
  11. പല തവണ കേട്ടിട്ടുണ്ട് ഈ കവിത . ഇപ്പോള്‍ വായിക്കുകയും
    ചെയ്തു. മറക്കാത്ത വരികള്‍

    ReplyDelete
  12. രമേശ് അരൂരിന്റെ അഭിപ്രായം ഞാനും പങ്ക് വെയ്ക്കുന്നു.

    ReplyDelete
  13. നിഷ്ക്രീയരായ ഒരു ജനതയ്ക്ക് നേരെ ചാട്ടുളി പോലെ വീശിയെത്തുന്ന വാക്കുകള്‍ .. മനസാക്ഷിയെ മരവിപ്പിക്കുന്ന ആ ദൃശ്യം അന്ന് ഞാനും കണ്ടു നിന്നു കാതങ്ങള്‍ക്കപ്പുറത്തു നിന്നെങ്കിലും... അതിലിപ്പോള്‍ തെല്ല് അസ്വസ്ഥത തോന്നുന്നുണ്ട്.. മുന്‍പേ കേട്ടിട്ടുണ്ട് എങ്കിലും മനസറിഞ്ഞു കേട്ടത് ഇപ്പോഴാണ്.. നന്ദി സീതേച്ചി..

    ReplyDelete
  14. ആരാന്റെ കുഞ്ഞിന്റെ തന്ത താനാണെന്ന് അവകാശപ്പെടാത്തിടത്തോളം കാവ്യാഞ്ജലിയിലെ കവിതാപരിചയം തുടരട്ടെ.

    ചില നിര്‍ദ്ദേശങ്ങള്‍, ശരിയെന്ന് തോന്നുന്നുവെങ്കില്‍ പാലിച്ചാല്‍ മതി
    01. contributors എന്നത് മാറ്റി കവിത പരിചയപ്പെടുത്തുന്നവര്‍ എന്നോ മറ്റോ ആക്കുക
    02. label എന്നിടത്ത് ‘ഉടമസ്ഥാവകാശം’ എന്നര്‍ത്ഥം വരുന്ന എന്തെങ്കിലും തലക്കെട്ട് ചേര്‍ക്കുക.
    03. പ്രൊഫൈല്‍ ഗാഡ്ജെറ്റില്‍, അല്ലെങ്കില്‍ പുതിയ HTML/JavaScript ചേര്‍ത്ത് ഒരു വിശദീകരണം ഈ ബ്ലോഗിനെപ്പറ്റിയാവാം.
    04. ആയിരം കുടത്തിന്റെ വായ മൂടുന്നതിനേക്കാള്‍ എളുപ്പമാണ് ഒരാളിന്റെയെങ്കിലും വായ ഐറ്റം #01, 02, 03 മുതലായ സങ്കേതങ്ങള്‍ അവലംബിച്ചാല്‍.

    മലയാളം വിക്കിപീഡിയ അത് പോലെ കോപിയെടുത്ത് അറിയാത്ത വിഷയങ്ങളില്‍ പോസ്റ്റിനേക്കാള്‍ വലിയ “എമകണ്ടന്‍” കമന്റ് തന്റേതെന്ന രീതിയില്‍ തട്ടിവിടുന്ന ചുരുക്കം പേരെയെങ്കിലും പരിചയമുണ്ട്. എന്തിന് പോസ്റ്റ് വരെ തട്ടിക്കൂട്ടുന്നവരുണ്ട്. ഈ കൂട്ടര്‍ വിക്കിയെ അവലംബിച്ചതായ് കാണാറേയില്ല! (എല്ലാ മണ്ടന്മാരെയും എല്ലാക്കാലവും മണ്ടന്മാരാക്കാമെന്നത് വ്യാമോഹമാണ് എന്നോര്‍ക്കാത്തവരാണ് തിരുമണ്ടന്മാര്‍)

    ഓഫ് ടോപ്പിക്കായ് ഇവിടെ പറഞ്ഞത് എട്ടുകാലിക്കൊരു പോസ്റ്റാക്കാനുള്ള വകുപ്പുണ്ട്, ആ അവസരം കളയുകയാണ്.

    @കവിത
    യാദൃശ്ചികമായാണ് മുഴുവനായ് ആസ്വദിച്ചത്, എട്ടുകാലിക്ക് ഇവിടെ കുറിക്കപ്പെട്ട രണ്ട് കവിതകളിലെ ചില വരി(കള്‍) ഒരു പോസ്റ്റിന് സഹായകരമായിട്ടുണ്ട്. നന്ദി കവികള്‍ക്കും ഓര്‍മ്മപ്പെടുത്തിയതിന് ബ്ലോഗിന്റെ പ്രായോജകര്‍ക്കും.

    ReplyDelete
  15. അഭിപ്രായം പ്രകടിപ്പിച്ച എല്ലാർക്കും നന്ദി സന്തോഷം

    ReplyDelete
  16. @രമേശ്‌ അരൂര,@moideen angadimugar>>>>എന്തും എടുക്കുമ്പോള്‍ എടുക്കുന്നു എന്ന് പറയുന്നത് ഒരു മാന്യത...അതല്ലേ അതിന്റെ ശരി?

    @എട്ടുകാലി >>>> നല്ല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

    അഭിപ്രായവും പ്രോത്സാഹനവും കൊടുത്ത എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി

    ReplyDelete