Wednesday, December 7, 2011

സഫലമീ യാത്ര - എൻ എൻ കക്കാട്...

കവിത          : സഫലമീ യാത്ര
കവി             : ശ്രീ എന്‍ എന്‍ കക്കാട്
ആലാപനം : ശ്രീ വേണുഗോപാല്‍





നാരായണന്‍ നമ്പൂതിരി കക്കാട് എന്ന എന്‍ എന്‍ കക്കാട്‌ ആധുനിക കവികളില്‍ പ്രമുഖന്‍ ആണ് ..
കോഴിക്കോട്ടെ അവിടനല്ലൂര്‍  എന്ന ഗ്രാമത്തില്‍  1927 ജൂലൈ 14 നു ജനിച്ചു . കക്കാട് നാരായണന്‍  നമ്പൂതിരിയും ദേവകി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍ . കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍  സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴല്‍, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു..ഒരു അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചെങ്കിലും തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം കോഴിക്കോട്    ജോലിചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍  ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. എങ്കിലും  അറുപതുകളില്‍   ഇന്ത്യാ ചൈനാ യുദ്ധത്തില്‍ ചൈനയെ  അനുകൂലിച്ചു എന്ന്  ആരോപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ വളവുകളും തിരിവുകളും അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.
അദ്ദേഹം ചെറുപ്പം മുതല്‍ക്കേ കവിത എഴുതിത്തുടങ്ങി. ക്ഷയിച്ചുകൊണ്ടിരുന്ന ഒരു  നമ്പൂതിരി കുടുംബത്തിലാണ് കക്കാട് ജനിച്ചത്. ബാല്യം മുതല്‍ക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന  കൃതികള്‍ ......
  • പാതാളത്തിന്റെ മുഴക്കം 
  • വജ്രകുണ്ഡലം 
  • സഫലമീ യാത്ര 
  • നന്ദി തിരുവോണമേ നന്ദി
  • ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല് 
  • പകലറുതിക്കു മുന്‍പ് 
  • നാടൻചിന്തുകള്‍
  • ശലഭ  ഗീതം 
 ഈ കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം..

ഓര്‍മ്മകളുടെ നിഴലിലൂടെ ജീവിതമെന്ന യാത്രയെക്കുറിച്ച് കവി നന്നായി പറഞ്ഞിരിക്കുന്നിവിടെ.. ശ്രീ വേണുഗോപാലിന്റെ ആലാപനവും കവിയുടെ ലളിതമായ വരികളും ഉള്ളപ്പോള്‍ ഇനിയൊരു ആസ്വാദനം അരോചകമാവും എന്ന വിശ്വാസത്തില്‍ ഈ കവിത വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.. കേട്ടു പഴകിയാലും മാധുര്യമിനിയും ചോര്‍ന്നു പോകാത്തൊരു കവിത... “സഫലമീ യാത്ര”
 സഫലമീ യാത്ര

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ…
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!

ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍…

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ….

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ….
ഒന്നുമില്ലെന്നോ.....
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍…

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ…!
ഒന്നുമില്ലെന്നോ…!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെതിരേല്‍ക്കും….
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ…

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം…
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ…..
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം…
ഹാ സഫലമീ യാത്ര…
ഹാ സഫലമീ യാത്ര…

4 comments:

  1. super........................thanks a lot.

    ReplyDelete
  2. മനോഹരമായ കവിത.. എന്റെ പ്രിയപെട്ടത് ....

    ദാമ്പത്യത്തിന്റെ മുപ്പതു സംവത്സരം കഴിഞ്ഞും അവര്‍ പ്രണയബദ്ധരായി പരസ്പരം... ഊന്നുവടിയാകുന്നു...

    കക്കാട് എന്ന കവിയെ നമിക്കുന്നു....

    കവിത ഇവിടെ പരിചയപ്പെടുത്തിയ ലിനുവിനോട് നന്ദി പറയുന്നു...

    സ്നേഹപൂര്‍വ്വം

    സന്ദീപ്‌

    ReplyDelete
  3. എന്റെ ഇഷ്ട്ട കവിതകളില്‍ ഒന്ന്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete