Wednesday, November 30, 2011

ഒരു കുലപ്പൂ പോലെ / Every Day You Play - Pablo Neruda...

പാബ്ലോ നെരൂദയുടെ Every Day You Play എന്ന കവിതയുടെ പരിഭാഷ

വിവര്‍ത്തകന്‍ : സച്ചിദാനന്ദന്‍ പുഴങ്കര
ആലാപനം : സുരേഷ്ഗോപി



ചിലിയിലെ പാരാലിൽ 1904 ജൂലൈ 12 നു ജനിച്ച്, റിക്കാർഡോ എലിസെർ നെഫ്താലി റെയസ് ബസോൽട്ടോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നെരൂദ പത്താമത്തെ വയസ്സിൽ കാവ്യജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് ചെക് എഴുത്തുകാരനായ ഴാൻ നെരൂദയുടെ പേരിൽ നിന്നാണ് ഈ തൂലികാനാമം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ നെരൂദയ്ക്ക് ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ അജ്ഞാതവാസവും പിന്നീട് പല നാടുകളിലായി പ്രവാസ ജീവിതവും നയിക്കേണ്ടി വന്നിട്ടുണ്ട്.  ജീവിതത്തിന്റെ അവസാന നാളുകളിൽ ആത്മാർത്ഥസുഹൃത്തും ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡെന്റുമായിരുന്ന സാൽ‌വദോർ അലെൻഡയുടെ മരണത്തിൽ മനം നൊന്ത് അദ്ദേഹം ഇങ്ങനെ എഴുതി “ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല... എല്ലാം അവസാനിച്ചിരിക്കുന്നു.. വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു.. സൂര്യൻ ഇലകൾ വിരിയിച്ച് ചുറ്റിക്കറങ്ങുന്നു.. ചന്ദ്രൻ വെളുത്ത ഒരു പഴം പോലെ ഉദിച്ചുയരുന്നു.. മനുഷ്യൻ തന്റെ ഭാഗധേയത്തിനു വഴങ്ങുന്നു.. ”

സ്വന്തം പാർട്ടിയെപ്പറ്റി നെരൂദ എഴുതിയ വരികൾ
അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു................നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല-
ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിർബന്ധം നെരൂദയ്ക്കുണ്ടായിരുന്നു.
നെരൂദ പല വ്യത്യസ്തശൈലികളിലും എഴുതിയിട്ടുണ്ട്. നെരൂദയുടെ കാവ്യങ്ങൾ കാ‍മം നിറഞ്ഞ പ്രേമഗാനങ്ങൾ മുതൽ നവഭാവുക (surrealist) കവിതകൾ വരെയും, ചരിത്രഗാനങ്ങൾ വരെയും രാഷ്ട്രീയ പത്രികകൾ വരെയും പരന്നുകിടക്കുന്നു. നെരൂദയുടെ പ്രശസ്തമായ കാവ്യങ്ങളിൽ “സാധാരണ കാര്യങ്ങൾക്ക് ഒരു അഞ്ജലി” - പല വാല്യങ്ങളായി പ്രസിദ്ധീകരിച്ച കവിതാസമാഹാരം എന്ന കൃതി ഉൾപ്പെടുന്നു. തന്റെ രാഷ്ട്രീയ ചായ്‌വുകൾ കൊണ്ട് വളരെ വർഷങ്ങളോളം നോബൽ സമ്മാനത്തിനു പരിഗണിക്കപ്പെടാതിരുന്ന അദ്ദേഹത്തിന് 1971-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പ്രശസ്ത ഗാനരചയീതാവും നെരൂദയുടെ വിപ്ലവവീര്യങ്ങളോട് അമിതാസക്തി പുലർത്തുന്നയാളുമായ ശ്രീ സച്ചിദാനന്ദൻ പുഴങ്കരയാണ് ഇതിന്റെ വിവർത്തകൻ. ഇത് ആലപിച്ചിരിക്കുന്നത് പ്രശസ്ത സിനിമാതാരം ശ്രീ സുരേഷ് ഗോപിയുമാണ്.

പ്രണയവർണ്ണങ്ങൾ തീർത്തൊരു സ്വപ്നം പോലെ കവിയുടെ മനസ്സ് നിറച്ചൊരു കവിതയെന്നു ഇതിനെ വിശേഷിപ്പിക്കാം...

ഇത് ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം

ഒരു കുലപ്പൂ പോലെ / Every Day You Play

ഒരു കുലപ്പൂ പോലെ കൈയില്‍
മുറുകുന്ന ധവളശിരസ്സ്‌, അല്ല
ഏറെ നനുത്തതായ്‌ അനുദിനം വന്നെത്തി.
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു
നീയെന്നപൂര്‍വ സന്ദര്‍ശകേ

അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നുമിതുകൊണ്ട്
നിന്നെ സ്നേഹിപ്പു ഞാന്‍

താരങ്ങള്‍ തന്‍ തെക്കുദിക്കിലായ്‌
ആ ധൂമലിപികളില്‍ നിന്‍റെ
പേരെഴുതി വയ്ക്കുന്നതായ്‌

സ്മരണകള്‍ നിറച്ചോട്ടെ...
സ്മരണകള്‍ നിറച്ചോട്ടെ
നിലനില്പ്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്

ഞാന്‍,വിളറുന്ന വചനം
കിരീടമായണിയിച്ചിടാമിനി

കതകുകള്‍ തുറക്കാത്തൊരെന്റെ
ജനാലയില്‍ നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍
നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു
സകലവാതങ്ങളും ഗതിവിഗതികള്‍
പൂണ്ടുമാഞ്ഞോഴിഞ്ഞീടുന്നു...
ഉരിയുകയായ്‌ ഉടയാടകളീ മഴ....
ഉരിയുകയായ്‌ ഉടയാടകളീ മഴ....

വചനങ്ങളെന്‍റെ മഴ പെയ്യട്ടെ നിന്‍റെ മേല്‍ ..
തഴുകട്ടെ നിന്നെ...
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ്‌
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത
നിന്നുടലിന്‍ ചിപ്പിയെ
ഇപ്പോഴിവള്‍ ഇതാ
സകലലോകങ്ങളും നിന്‍റെയാകും വരെ..

മലമുടിയില്‍ നിന്ന് നീല ശംഖുപുഷ്പങ്ങള്‍
പല കുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ്‌...

ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ..
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ...


7 comments:

  1. ഏറെ ആസ്വദിച്ചു...പണ്ടേ സ്വന്തം ശൈലിയില്‍ പാടി പതിഞ്ഞു പോയതാണ് നെരുദയുടെ ചില കവിതകള്‍...തന്മൂലം ഈ ആലാപനം ഒരു പുതുമയായി.നെരുദയുടെ കവിതകളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു കവിതകളില്‍ ഒന്നാണ് ഇത്.നന്ദി.ഓര്‍മ്മകളെ ഉണര്‍ത്തിയതിന്.പാല്‍ ഉറക്കാത്ത നെല്‍ചെടികളെ തലോടി പുഞ്ച പാടത്തിലൂടെ തെന്നി തെറിച്ചു നടന്ന ആ കൌമാരം തെല്ലകലെ നിന്ന് കൊതിപ്പിക്കുന്ന പോലെ.....

    ReplyDelete
  2. ആദ്യമായിട്ടാണ് നെരുദയുടെ കവിത വായിക്കുന്നത്.നല്ല ആസ്വാദന ശൈലിയുള്ള കവിത.....അഭിനന്ദനങ്ങള്.

    ReplyDelete
  3. ആദ്യമായിട്ടാണ് നെരുദയുടെ കവിതവായിക്കുന്നത്..നല്ല ആസ്വാദന ശൈലിയുള്ള കവിത...ഇങ്ങനെയൊരവസരം ഒരുക്കി തന്നതിനു അഭിനന്ദനങ്ങള്...

    ReplyDelete
  4. കാവ്യാഞ്ജലിയുടെ ആസ്വാദകര്‍ക്ക് നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു... വീണ്ടും വരുമല്ലോ...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നെരൂദയുടെ കൂടുതൽ കവിതകൾ നൽകാമോ

    ReplyDelete