Saturday, September 24, 2011

എവിടെ ജോണ്‍ ? - ബാലചന്ദ്രൻ ചുള്ളിക്കാട്...

കവിത            :  എവിടെ ജോണ്‍ ? (1988)  (ചലച്ചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്)
കവി               :  ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം    :  
ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്


കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...


വിയെ കുറിച്ചൊരല്‍പ്പം...


1957 ജൂലൈ 30നു പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ എറണാകുളം സബ് ട്രഷറി ഓഫീസ്സില്‍ ജോലി ചെയ്യുന്നു. പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1988) എന്നിവയാണ്  കവിതാസമാഹാരങ്ങള്‍ . ഇതേ കൂടാതെ ഗദ്യരൂപത്തിലുള്ള  സ്മൃതിസംഗ്രഹം, ചിദംബസ്മരണ എന്ന പേരില്‍ 1998ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. സഹധര്‍മിണിയായ വിജയലക്ഷമി മലയാളത്തില്‍ അറിയപ്പെടുന്നൊരു കവിയിത്രിയാണ്. കാല്പനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഭാവതീവ്രമായ ആധുനികതയെ ചുള്ളികാട് കവിതകളില്‍ കാണാവുന്നുണ്ട്. വാക്കുകളുടെ ചടുലതകള്‍ കൊണ്ടും അര്‍ത്ഥദീപ്തി കൊണ്ടും വായനക്കാരന്റെ ഹൃദയമളക്കുന്നു ചുള്ളികാട് തന്റെ കവിതയിലൂടെ.


ജോണിനെ അറിയാന്‍ ...


ജോണ്‍ അബ്രഹാം. 1937 ആഗസ്റ്റ്‌ 11നു ചങ്ങനാശ്ശേരിയില്‍ ജനനം. വ്യതിരിക്തമായ ജീവിതശൈലി കൊണ്ടും സ്വാതന്ത്രമായ ചിന്തകള്‍ കൊണ്ടും സാംസ്കാരികകേരളത്തിലെ താരതമ്യങ്ങള്‍ ഇല്ലാത്തൊരിതിഹാമെന്നു വിശേഷിപ്പിക്കാം. വ്യവസ്ഥാപിതമായ ചട്ടകൂടുകളോട് എന്നും കലഹിച്ചും സാമൂഹികവൈകൃതങ്ങളെ സ്വന്തം സൃഷ്ടികളിലൂടെ പരിഹസിച്ചും ഒറ്റയാന്‍ പരിവേഷം ലഭിച്ച ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് അദ്ദേഹം. വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെയില്‍ തുടങ്ങി അമ്മ അറിയാനില്‍ എത്തുമ്പോള്‍ സിനിമലോകത്ത് വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി മാറുന്നു അദ്ദേഹത്തിന്‍റെ സര്‍ഗ്ഗസപര്യ. ജനകീയമായ സിനിമ എന്ന ആശയവുമായി 'ഒഡെസ' പ്രസ്ഥാനത്തിനു നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (1972), അഗ്രഹാരത്തില്‍ കഴുതൈ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1979), അമ്മ അറിയാന്‍ (1986) എന്നീ ചിത്രങ്ങളും ഹിന്ദിയിലും ഇംഗ്ലീഷിലുമടക്കം നിരവധി ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. നേര്‍ച്ചകോഴി, ജോണ്‍ അബ്രഹാമിന്റെ കഥകള്‍ , എന്നീ കഥാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1987 മെയ്‌ 31നു കോഴിക്കോടു വച്ച് ലഹരിയുടെ ഉന്മത്തമാം ഉത്തുംഗത്തില്‍ നിന്നും നിലംപൊത്തി, ദുരൂഹമയൊരന്ത്യമായിരുന്നു ജോണിന്‍റെത്.


വിതയെ കുറിച്ചൊരല്‍പ്പം...


          ഒരു തുറമുഖനഗരത്തിലെ ഇരുള്‍പ്പരന്ന പാതകളിലൂടെ വേദങ്ങളില്‍ ജോണ്‍ എന്നു പേരുള്ള, മേല്‍വിലാസവും നിഴലുമില്ലാത്ത, വിശക്കാത്ത സുഹൃത്തിനെ തേടിയലയുന്നൊരു നായകന്‍റെ കാഴ്ചകളിലൂടെയാണ് 'എവിടെ ജോണ്‍ ?' വാക്കുകളായ് നമ്മില്‍ നിറയുന്നത്. ധൂര്‍ത്തകൗമാരത്തിന്റെ ലഹരിയും അനന്തമാം ദുഖവും വിഹ്വലതകളും കടന്നവന്‍ ജോണിനെ തിരഞ്ഞലയുകയാണ്, തെരുവില്‍ അവന്റെ പിച്ചളകണ്ണുകള്‍ ആ ശിഥില ജീവിതത്തിലെ ഭ്രാന്തരൂപകം തേടുകയാണ്.


          വേശ്യാലയത്തില്‍ , ചാരായശാലയില്‍ , സ്വാര്‍ത്ഥനായൊരു സുഹൃത്തിന്റെ ലോഡ്ജ് മുറിയില്‍ , നീളുന്ന അന്വേഷണത്തില്‍ നിന്നും, ജോണിനെ അറിയില്ലെന്നും തങ്ങള്‍ അവന്റെ കാവല്‍ക്കാരനല്ലെന്നുള്ള മറുപടി മൊഴിഞ്ഞും അവിടെയുള്ളവര്‍ കൈയൊഴിയുന്നു. ഒടുവില്‍ ആളൊഴിഞ്ഞൊരു പാതിരാത്തെരുവിലൂടെ അയാള്‍ നടന്നു നീങ്ങുകയാണ്. ദൂരദേവാലയങ്ങളില്‍ നിന്നും ധ്യാനനിര്‍ഭരമായ നേര്‍ത്ത ഈണത്തില്‍ പള്ളിമണികള്‍ മുഴങ്ങുന്നു. പെട്ടെന്ന്, ഒരിടിമുഴക്കം പോലെ ദൈവശബ്ദം - "എവിടെ ജോണ്‍ ? ". 
നിലവിളിക്കുന്ന മനുഷ്യരക്തത്തില്‍ മുട്ടുകുത്തി വീഴുമ്പോള്‍ കണ്ഠനാളത്തില്‍ നിന്നും തെറിച്ചു വീഴുന്ന വാക്കുകള്‍ പണ്ടു ദൈവവിചാരണാവേളയില്‍ ഭ്രാതൃഘാതകനായ കയീന്‍ പറഞ്ഞ വാക്കുകളായിരുന്നു.


          ആ ബൊഹീമിയന്‍ ഗാനം പാടി മുഴുമിക്കാതെ ജോണ്‍ ഇറങ്ങിപ്പോയിരിക്കുന്നു. ഇംഗാലമലിനമാം മഞ്ഞ് (dry ice) പെയ്തു മരവിച്ച സെമിത്തേരിയിലെ കോണ്‍ക്രീറ്റ് കല്ലറയ്ക്കുള്ളിലെ ഗന്ധകാമ്ലം നിറച്ച ജോണിന്റെ ഹൃദയഭാജനം തിരയുകയാണ് ഒടുവില്‍ നായകന്‍ . ആ ദിഗംബരജ്വലനത്തിനു മുന്നില്‍ കവിത എരിഞ്ഞു തീരുമ്പോള്‍ കവി നമ്മിലെക്കൊരു ചോദ്യമെറിയുന്നു...
"എവിടെ ജോണ്‍ ?". 
അവ്യക്തതയുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ജോണിന്റെ ഘാതകരോടുള്ള ചോദ്യമാണിത്. ജോണിനെ കൊന്നു ബിംബവത്കരിച്ചു വിറ്റ് കാശാക്കിയ, ജോണിന്റെ സൗഹൃദം പറഞ്ഞു മേനി നടിക്കുന്ന ഓരോരുത്തരോടുമുള്ള അടങ്ങാത്ത അമര്‍ഷം കവി ഇതിലൂടെ സൂചിപ്പിക്കുകയായിരിക്കാം. 


ജോണിനെ സ്നേഹിക്കുന്നവര്‍ക്ക് ഒത്തു ചേര്‍ന്ന് നല്‍കാം ഇതിനുള്ള ഉത്തരം. 
"അല്ലയോ കവേ... 
ജോണ്‍ ... ഇവിടെ ജീവിക്കുന്നു, 
ഞങ്ങളുടെ ഹൃദയത്തിലുണ്ടവന്‍"


**********************************************************************************
എവിടെ ജോണ്‍ ?ബാലചന്ദ്രന്‍ ചുള്ളിക്കാട്


1 
തരിക നീ 
പീതസായന്തനത്തിന്റെ നഗരമേ
നിന്റെ വൈദ്യുതാലിംഗനം.


കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -

ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍ 
തുറമുഖത്തിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ ലോഹനൗകകള്‍

അരുത്

നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ 

ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്‍റെ ലൈലാകഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാ-

ത്തെരുവുകള്‍ .

ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍ .

2
 
പകലോടുങ്ങുന്നുന്നു
സോഡിയം രാത്രിയില്‍ -
പ്പകരുകയാം നഗരാര്‍ത്ഥജാഗരം

തെരുവ് 

രൂപങ്ങള്‍തന്‍ നദി.
വിച്ഛിന്നഘടനകള്‍ തന്‍ ഖരപ്രവാഹം
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം.


കരിപിടിച്ച ജനിതകഗോവണി-

പ്പടി കയറുന്നു രാസസന്ദേശങ്ങള്‍ .

3
 
ഇരുപതാം നമ്പര്‍ വീട്.
അതെ മുറി.
ഒരു മെഴുതിരി മാത്രമെരിയുന്നു.


നയനരശ്മിയാല്‍പ്പണ്ടെന്‍ ഗ്രഹങ്ങളെ-

ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറിക്കിടക്കുന്നു തൃഷ്ണതന്‍
ശമനമില്ലാത്തൊരംഗാരശയ്യയില്‍

"എവിടെ ജോണ്‍..?"
സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
"അവനു ഞാനല്ല കാവലാള്‍ .പോവുക."

4
 
പരിചിതമായ ചാരായശാലയില്‍
നരകതീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :

"ഇന്ന് ജോണിവിടെ വന്നുവോ..?"

പൊട്ടിച്ചിരിച്ചുകൊണ്ടൊരു പരിചയം

ഗ്ലാസു നീട്ടുന്നു:

"താനെവിടെയായിരുന്നിത്രനാളും കവേ?
ഇതു ചെകുത്താന്റെ രക്തം. കുടിക്കുക."

"ഇവിടെയുണ്ടായിരുന്നു ജോണ്‍ . എപ്പോഴോ 

ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറി നിര്‍ത്തി, അവനിറങ്ങിപ്പോയി."


"അവനു കാവലാളാര് ?
ഈ ഞങ്ങളോ? "

ജലരഹിതമാം ചാരായം
ഓര്‍ക്കാതെയൊരു കവിള്‍ മോന്തി
അന്നനാളത്തിലൂ

ടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.

5
 
പഴയ ലോഡ്ജില്‍ 
കൊതുകുവലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.


ഞാനവിടെ മുട്ടുന്നു:
 "ജോണിനെക്കണ്ടുവോ..?"
 "പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ .
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ 

സര്‍പ്പസാന്നിദ്ധ്യം.
എന്റെയിപ്പടി കയറുവാന്‍ പാടില്ല 

മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍."

പടിയിറങ്ങുന്നു ഞാന്‍ . കശേരുക്കളില്‍ -

പ്പുകയുകയാണു ചുണ്ണാമ്പുപൂവുകള്‍ .
6 
വിജനമാകുന്നു പാതിരാപ്പാതകള്‍ .
ഒരു തണുത്ത കാറ്റൂതുന്നു
ദാരുണസ്മരണപോല്‍
ദൂരദേവാലയങ്ങളില്‍ 

മണി മുഴങ്ങുന്നു.

എന്നോട് പെട്ടന്നൊ-

രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:

"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
 മുട്ടുക്കുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :

"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." ***

7
 
ഇവിടെ 
ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റു കുരിശുരാത്രിതന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞു പെയത്പെയ്ത്
ആത്മാവു കിടുകിടയ്ക്കുന്നു.
മാംസം മരയ്ക്കുന്നു.

എവിടെ ജോണ്‍ ,
ഗന്ധാകാമ്ലം നിറച്ച നിന്‍

ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍ 

ധൂമവസനമൂരിയെറിഞ്ഞ 
ദിഗംബരജ്വലനം?

(1988)
========================================================================
*** കയേന്‍ ദൈവത്തോടു പറഞ്ഞ മറുപടി

19 comments:

  1. നന്നായി എഴുതി. അഭിനന്ദനങ്ങൾ സന്ദീപ്‌. നല്ല താളമുള്ള ഗദ്യമാണ്‌.

    ReplyDelete
  2. സന്ദീപ്‌, വളരെയധികം നന്ദിയുണ്ട്.. ഈ പോസ്റ്റിനു.. ഉപകരിക്കുന്ന ഒരു പോസ്റ്റ്.

    ReplyDelete
  3. നന്നായി ഈ പങ്കു വയ്ക്കൽ അനിയങ്കുട്ടാ...ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടെന്ന പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കവിത..ഈ തിരയൽ...അതിനൊടുവിൽ ഏതൊരു അനുവാചകനാണു പറയാതിരിക്കാനാവുക..സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു ജോൺ എന്ന്?

    ReplyDelete
  4. ജോണും അയ്യപ്പനും ചുള്ളിക്കാടുമെല്ലാം നടന്ന ക്ഷുഭിത യൌവ്വനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടെ പരിശോധിക്കാതെ അവരുടെ രചനകളേയും ജീവിതത്തെയും കണ്ടെത്താന്‍ ആവില്ല. ഇന്നത്തെ നമ്മുടെ പരന്ന വായനകൊണ്ട്‌ അതിന്റെ ആഴങ്ങളില്‍ ഇറങ്ങാന്‍ ആവില്ല. രാഷ്ട്രീയ അധികാരം തോക്കിന്‍കുഴലിലൂടെ പിടിച്ചെടുക്കാന്‍ നടത്തിയ ഒരു യുവത്വത്തിന്റെ പോരാട്ടങ്ങളുമായി വ്യാകുലതകളുമായി കൂട്ടി ഇണക്കുംപോഴേ ജോണിനെയും അയ്യപ്പനേയും ഒക്കെ തിരിച്ചറിയൂ.

    ReplyDelete
  5. വളരെ നല്ല അവലോകനം. ചുള്ളിക്കാടിന്റെ വരികളുടെ മൂര്‍ച്ച മാസ്മരികം തന്നെ...

    ReplyDelete
  6. നന്ദി സുഹൃത്തെ .. ഈ പങ്കു വെയ്ക്കലിനു.
    അല്ലയോ കവേ...
    ജോണ്‍ ... ഇവിടെ ജീവിക്കുന്നു,
    ഞങ്ങളുടെ ഹൃദയത്തിലുണ്ടവന്‍

    ReplyDelete
  7. "കുപിത യൗവനത്തിന്റെ ലോഹ നൗക..."ചുള്ളിക്കാടെന്ന മഹാശ്ചര്യ പ്രതിഭയുടെ നല്ലൊരു കവിത പരിചയപ്പെടുത്തി തന്ന സുമനസ്സുകള്‍ക്ക് നന്ദി...നന്ദി ....

    ReplyDelete
  8. ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി, സന്ദീപ്‌ ഭായ്. ജോണ്‍ എന്നും ഒരു സ്വകാര്യ ദുഖമായി മനസ്സില്‍ അവശേഷിക്കുന്നു...ചുള്ളിക്കാട് എഴുതുക അല്ലാ..തീക്കനല്‍ വാരി വിതറൂകയാണ്...അദ്ധേഹത്തിന്റെ കവിത ഉള്ളു പൊള്ളാതെ വായിക്കാന്‍ പറ്റില്ല തന്നെ..

    ReplyDelete
  9. അരാജകത്വം ജീവിതത്തില്‍ തന്നെ ഒരു കലയാക്കിയ ജോണ്‍ തന്റെ അമിത മദ്യപാനം മൂലം ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് കൊല്ലപ്പെടുകയായിരുന്നു. സിനിമകളേക്കാള്‍ തന്റെ ബോഹെമിയന്‍ ജീവിത ശൈലിയും വ്യത്യസ്തമായ ചിന്തയും കൊണ്ട് നമ്മുടെ മനസ്സുകളില്‍ ഒരു മിത്തായി മാറിയ ജോണ്‍ അബ്രഹാം ഇന്ന് ഓര്‍മ്മ മാത്രം. ചുള്ളിക്കാടിന്റെ തീക്ഷണമായ വരികൾ... നന്ദി ഈ പരിചയപ്പെടുത്തലിന്

    ReplyDelete
  10. ഈ അഞ്ജലി നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  11. സന്ദീപിന്റെ ഉദ്യമത്തിനു അനുമോദനങ്ങൾ. അതിനെ പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാർക്കും നന്ദി

    ReplyDelete
  12. ഈ സ്നേഹത്തിന് നന്ദി കൂട്ടരെ...

    ReplyDelete
  13. തൊണ്ണൂറുകളുടെ പകുതിയില്‍ ജോണ്‍ എബ്രഹാം എന്ന പേരില്‍ കെ. എന്‍. ഷാജി എഴുതിയ പുസ്തകത്തിലൂടെയാണ് ഈ കവിത ആദ്യമായി വായിക്കുന്നത്. ആദ്യമായി വായിച്ചപ്പോഴേ വരികള്‍ മനസ്സില്‍ ഹൃദിസ്ഥമായി. കവിതയുടെ ലിങ്കിനു നന്ദി. ഡൌണ്‍ലോഡ് ചെയ്തെടുത്തു. ചുള്ളിക്കാടിന്റെ സ്വതസിദ്ധമായ ഈണത്തില്‍ പാടിയ പശ്ചാത്തല സംഗീതം ഒന്നും ഇല്ലാത്ത ഒരു വിര്‍ജിന്‍ കവിത.

    ReplyDelete
  14. വായിചിട്ടുണ്ട്... ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.... സന്ദീപിനും, കാവ്യാഞ്ചലിയ്ക്കും സ്നേഹാശംസകള്‍ ....

    ReplyDelete
  15. വണ്ടർഫുൾ..!
    എവിടെ ജോൺ എന്ന കവിതയെ കുറിച്ചുള്ള പൂർണ്ണമായ അവതരണം അഭിനന്ദാർഹം..!
    അഭിനന്ദങ്ങൾ സന്ദീപ്..!

    ReplyDelete
  16. കവിതയേയും, കവിയേയും, കവിതക്കു കാരണമായ ജോൺ എബ്രഹാമിനേയും നന്നായി പരിചയപ്പെടുത്തി - ഇത് കാണാൻ വൈകി ........

    ReplyDelete