Friday, June 3, 2016

കവിയെവിടെ..? - പി. കുഞ്ഞിരാമൻ നായർ


കവിത : കവിയെവിടെ...?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാ‍ായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

 ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു  വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാ‍തെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം... രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..



പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ...?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാ‍ണാൻ കഴിയും.  

കവിയെവിടെ....?
**************************

വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക- 
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍- 
ക്കൊച്ചു പറവതന്‍ കൊക്കുതോറും 
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു, 
ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം 
വണ്ടിനു വേണ്ടും മധു നിറച്ചു, 
ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ 
ക്കുന്നിനു യൌവനകാന്തി നല്‍കി, 
ഓടിനടന്നു കളിച്ചു മന്നിന്‍ 
വാടിപുതുക്കും വെയില്‍നാളങ്ങള്‍ 
പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും 
മഞ്ഞമുകിലിലോളിഞ്ഞു നിന്നു. 
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു - 
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ , 
പോരിന്‍ പഴം കഥ പാട്ടു പാടി 
പേരാറലകള്‍ കളിക്കും നാട്ടില്‍ , 
കൈതമലര്‍മണം തേവിനില്‍ക്കും 
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ , 
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും 
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ , 
പച്ചിലക്കാടിന്‍ കടവു താണ്ടി- 
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ , 
കാവിന്‍നടകളിലാണ്ടുതോറും 
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍ 
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍ 
വെച്ച കെടാവിളക്കെങ്ങു പോയി? 
നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍ 
ചൂഴുമഴകൊളിയെങ്ങു പോയി? 
അംബര നീലിമയല്ല ,കണ്ണില്‍ 
ബിംബിപ്പൂ ഘോരമാം രക്തദാഹം! 
കൈ മെയ്‌ പുണര്‍ന്നു മലരുതിരു- 
മാമരത്തോപ്പുകളെങ്ങുപോയി? 
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍- 
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി? 
സല്ലീലമോമനക്കാറ്റുനൂഴും 
വല്ലീനികുഞ്ജങ്ങളെങ്ങുപോയി? 
കന്നാലിമേയും ഹരിതചിത്ര- 
സുന്ദരമൈതാനമെങ്ങുപോയി? 
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും 
കന്നാലിപ്പിള്ളരിന്നെങ്ങുപോയി? 
പച്ചപുതച്ചതാമാറ്റുവക്കിന്‍ 
കൊച്ചുവൃന്ദാവനമെങ്ങുപോയി? 
ഏതൊരസുരന്‍റെ നിശ്വാസത്തിന്‍ 
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍; 
മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ- 
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു! 
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര- 
വാഹനം മര്‍ദ്ദിച്ച പാതപറ്റി, 
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി 
ചന്ത കഴിഞ്ഞു തിരിക്കയായി. 
മങ്ങീ പകലോളി പോയോരാണ്ടില്‍ 
ചിങ്ങം കതിരിടും നാളുകളില്‍. 
ആലിന്‍ചുവട്ടില്‍, വിളക്കെരിയും- 
ചാളയില്‍ പൊന്നോണം പൂത്തുനിന്നു 
ചിക്കെന്നെഴുന്നള്ളി തമ്പുരാന- 
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍ 
മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍- 
പ്പറ്റിയ ചാളയിന്നെങ്ങുപോയി? 
ചോളക്കുലപോല്‍ മുടി നരച്ച 
ചെലുററ പാണനിന്നെങ്ങു പോയി ? 
മാവേലി മന്നനകമ്പടികള്‍ 
സേവിച്ചചെവകനെങ്ങുപോയി? 
പാണ-നൊരെഴയാം പാണ -നെന്നാ- 
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍! 
കോടിനിലാവും കരിനിഴലും 
മൂടി വിരിച്ച വഴിയില്‍ കൂടി, 
പിന്തുടര്‍ന്നെത്തുമിണപ്പാവ- 
യൊത്തു , തുടികൊട്ടി പാതിരാവില്‍ 
കണ്ണു നിറയെ, ത്തുയിലുണര്‍ത്തി 
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി 
പൂക്കളത്തിന്റെ മണമിളക്കി 
പൂത്ത നിലാവില്‍ മധു കലക്കി 
പാതിരാമൗനപ്പടി കടന്നു 
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ, 
മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍ 
നിത്യമനന്തഫണിതല്പത്തില്‍ 
പള്ളികൊള്ളുന്ന പരം, പൂമാനെ- 
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി. 
ആനന്ദവൈകുണ്ഠം കാട്ടിത്തന്ന 
പാണന്‍റെ ചാളയിന്നെങ്ങുപോയി? 
പ്രാണനു ചെറ്റിട മിന്നലൊളി 
കാണിക്കും പാണനിന്നെങ്ങുപോയി? 
ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത 
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി? 
കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ - 
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി? 
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ 
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു! 
നേരിയോരന്ധകാരത്തില്‍ മൂടി 
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം 
തോടിന്‍കരയിലേക്കൊന്നൊതുങ്ങി, 
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി. 
തണ്ടലര്‍ വേരറ്റു പായല്‍ മൂടും 
കുണ്ടുകുളമായ് ഇരുണ്ടു വാനം. 
ഉഷ്ണനീരാവികള്‍ പൂവിടുന്ന 
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി 
മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു 
നീലമലകള്‍തന്നസ്ഥികൂടം! 
ബന്ധനച്ചങ്ങല ചുറ്റുമാറിന്‍ 
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി. 
ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ- 
ലോണവില്ലിന്‍റെ തകര്‍ന്ന നാദം ! 
മുന്നില്‍ കരിപൂശി നില്പുരാവി- 
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം 
ചാമയും മത്തയും ചോളക്കമ്പും 
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍, 
പാട്ടുവിതച്ചുകതിരുകൊയ്യും 
പാണന്‍റെ കൊച്ചുകുടുംബമില്ല! 
എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന- 
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍, 
ആറ്റില്‍ നിന്നീറനാം കാറ്റു വന്നു 
കൈതമലരിന്‍ മണം ചുമന്നു, 
ബിംബം പുഴക്കിയ കാവിനുള്ളില്‍ 
പൊന്‍മലനാടിന്‍ നിനവു പേറി 
ദാഹവും ക്ഷുത്തും വലയ്ക്ക മൂലം 
മോഹിച്ചു വീണു കിടക്കുമെന്നെ 
അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ 
കമ്പനിയൂതും കുഴല്‍വിളികള്‍. 
ഓണത്തിന്‍ നാരായവേരു പോറ്റും 
പാണനാര്‍ വാണൊരീപ്പുല്ലുമാടം 
ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ - 
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം ! 
മാധവമാസം വെടിഞ്ഞു പോയ 
മാകന്ദമശ്രുകണങ്ങള്‍ തൂകി; 
"എന്നു തിരിച്ചുവരും നീ , ജീവ- 
സ്പന്ദമാമേകാന്തകോകിലമേ! 
പ്രേമത്തിന്നദ്വൈതദീപ്തി ചൂടും 
മാമല നാടിന്‍റെ പൊന്‍കിനാവേ "
******************************************

Saturday, November 22, 2014

ഹേ ഗഗാറിന്‍!- ഡോ. കെ. അയ്യപ്പപ്പണിക്കര്‍

കവിത : ഹേ ഗഗാറിന്‍!
കവി : ഡോ. കെ. അയ്യപ്പപ്പണിക്കര്‍




1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം.മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. സ്ഥിരം സമ്പ്രദായങ്ങളില്‍നിന്നു കവിതയെ വഴിമാറ്റി നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അക്ഷര സഞ്ചാരം.പ്രഗല്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളജില്‍ ഒരു വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952ല്‍ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീര്‍ഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.

1961 ഏപ്രില്‍ 12നാണ് ആദ്യമായി ഒരു മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ആയിരുന്നു ആ വ്യക്തി. യൂറി ഗഗാറിന്റെ ബഹിരാകാശ സഞ്ചാരത്തിന്റെ പശ്ചാത്തലത്തില്‍ അയ്യപ്പപ്പണിക്കര്‍ രചിച്ച കവിതയാണ് 'ഹേ ഗഗാറിന്‍!'


ഹേ ഗഗാറിന്‍! 

ഹേ ഗഗാറിന്‍! ഗഗനചാരിന്‍
പഥികനെന്‍ വഴി വിട്ടുമാറിന്‍.

മര്‍ത്യധര്‍മ വിചിന്തനത്തിനുമുഗ്രമെന്‍ കവിഭാവനയ്ക്കു-
മുദഗ്രസര്‍ഗ വിജൃംഭണത്തിനുമിന്നു നീ വഴിമാറിന്‍.
അല്പവികസിതമാകെ വിഗണിത-
മാ വിശാലത മുഴുവനും
മര്‍ത്യഭാവനയിത്ര നാളും
സൃഷ്ടിനാഥനെ മേയ്ച്ചിരുന്നൊരു സര്‍ഗഭൂമികള്‍ മുഴുവനും
ഈയഗാധത മുഴുവനും
നീയളന്നു കഴിഞ്ഞിടും മുമ്പീ നിലാവല പോവതിന്‍ മുമ്പി-
വിടെയെന്‍ കണ്ണടയ്‌വതിന്‍ മുമ്പായ്
ഹേ, ഗഗാറിന്‍ ഗഗനചാരിന്‍
പഥികനെന്‍ വഴി വിട്ടു മാറിന്‍.

വാങ്ങുകെന്നഭിവാദനം നീ വാങ്ങുകെന്നനുമോദനം നീ
നീങ്ങുകെന്‍ ശരവീഥി വിട്ടതി-
ദീര്‍ഘ ദുര്‍ഗമ മാര്‍ഗ്ഗ ദുര്‍ഘട ഭേദിയെന്റെ
സ്വതന്ത്ര ചിന്തന കിരണ പംക്തി വരുന്നു നീ വഴിമാറിന്‍.
ചന്ദ്രതാര,ദിവാകരാദികളന്തി, രാത്രി, പുലര്‍പ്രതീതിക-
ളെന്റെ മോഹ വിഭൂതി സംഗ്രഹമെന്റെയോമന ഭൂമിമണ്ഡല-
മിച്ചരാചര ചാരസംഭ്രമമീ മനോഹര രാഗസംക്രമ-
മുദയമസ്തമനങ്ങളൊത്തു വിടര്‍ന്നു കാണും ചക്രവാളവു-
മതിലുടഞ്ഞു കിടന്നു ചുറ്റിയലിഞ്ഞു പോകും ദീപനാളവു-
മിന്നു നിന്റെ ദയാര്‍ദ്രദൃഷ്ടിയി-
ലൊന്നുപോലെയടിഞ്ഞു പോല്‍

ഇന്നുപഗ്രഹ ഗോളകങ്ങളെറിഞ്ഞു ശാസ്ത്രമനസ്സു വീണ്ടും
പുതിയൊരമ്മാനക്കളിക്കു തയ്യാറെടുത്തു വരുമ്പൊഴും
ദക്ഷിണോത്തര പൂര്‍വ്വ പശ്ചിമ സംജ്ഞയൊക്കെ നിരര്‍ത്ഥമാക്കി-
യഗാധമേതു വിശാലമേതു വിചിത്രമേതതു കൈയൊതുക്കിയ
യക്ഷകിന്നര ദേവരാക്ഷസ ഗഗന വനചര
വര്‍ഗനായകനാണു നീ

എന്റെ ശത്രുവുമെന്റെ മിത്രവു-
മെന്റെ ദാസനുമെന്റെ നാഥനു-
മെന്റെ ജാഗ്രതയെന്‍ സുഷുപ്തി-
യെനിക്കുവേണ്ടിയിഴഞ്ഞു നീങ്ങിയ കാലവാഹിനി കൂടിയും
നിന്‍പറക്കലിലാകെ വിഭ്രമ കമ്പമാര്‍ന്നവരെങ്കിലും
നിന്നൊടൊത്തമരത്വമാര്‍ന്നു വസിക്കുവാന്‍ കുതി കൊള്ളുമെന്‍
സര്‍ഗകല്പ്പന സ്വപ്നതല്പ്പ നിസര്‍ഗ്ഗഭാവമണിഞ്ഞുപോയ്

ശാസ്ത്രമങ്ങുയരത്തിലെത്തി, മിഴിച്ചു നില്‍ക്കും കവികളേ...
ശൂന്യബാഹ്യവിയല്‍പഥങ്ങളില്‍
വിജയപര്യടനത്തിനായി വളര്‍ക്കുവിന്‍ പുതുചിറകുകള്‍
അഗ്രഗാമികളങ്ങുചെന്നുയരത്തില്‍ വീശി പതാകകള്‍
വിഗ്രഹങ്ങളുടച്ചനുഗ്രഹ ശക്തരാവൂ കവികളേ
ശൂന്യമല്ലിനി ബാഹ്യമല്ലിനിയിപ്രപഞ്ച വിധാനവും
സൂക്ഷ്മമാമനുഭൂതികൊണ്ടു നിറഞ്ഞുനില്‍പ്പതു കാണ്‍കിലോ
ദീര്‍ഘദര്‍ശിനിയെങ്ങു നമ്മുടെ സൂക്ഷ്മമാപിനിയെങ്ങു സര്‍ഗ്ഗ
ജ്വാല വീശുക കേവലസ്ഥല സീമയെരിഞ്ഞിടുമാ സര്‍ഗ്ഗ-
ജ്വാലവീശുക മൃത്യുകാരക-
മന്ധകാര മഹാപ്രകാരവിധാനമാകെ
ബ്ഭസ്മമാക്കിടുമാ സര്‍ഗ്ഗജ്വാല വീശുക നാമിനി.



Sunday, April 15, 2012

അശ്വമേധം - വയലാർ‌...

കവിത         : അശ്വമേധം
കവി            : ശ്രീ. വയലാർ‌ രാമവര്‍മ്മ
ആലാപനം  : ശ്രീ.  മധുസൂദനന്‍ നായര്‍



 ഇത് ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം

ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്. പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. അവാർഡും
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു
വയലാറിന്റെ സൃഷ്ടികൾ
 ചിന്തകളുടെ അശ്വമേധത്തെയാണു കവി ഇവിടെ ഈ കവിതയിൽ പ്രതിപാദിക്കുന്നത്...


വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം 




അശ്വമേധം  

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! (2)

വിശ്വസംസ്കാരവേദിയിൽ പുത്തനാ -
മശ്വമേധം നടത്തുകയാണു ഞാൻ!  (2)

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?  (2) 

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! 

കോടി കോടി ശതാബ്ദങ്ങൾ മുമ്പൊരു 
കാടിനുള്ളിൽ വച്ചെന്റെ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ; ക്കാട്ടുപുൽ-
ത്തണ്ടു നൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക- 
ളേറ്റു പാടിപ്പഠിച്ച മുത്തശ്ശിമാർ;  (2)
ഇന്നലത്തെ ചരിത്രം മയങ്ങുന്ന 
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെഭരണകൂടങ്ങളും!  (2)

കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,  (2)
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!  (2)

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,  (2)
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാനെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!  (2)
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!  (2)

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ  

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! (2) 
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! 

Friday, March 30, 2012

ശാലിനി - ചങ്ങമ്പുഴ..

കവിത : ശാലിനി
രചന : ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം : ശ്രീമതി സുജാത 


പ്രണയ കാവ്യങ്ങളുടെ സൃഷ്ടികര്‍ത്താവ്‌ എന്ന പേരില്‍ പ്രസിദ്ധനായ കവി..സംസ്കൃതത്തിന്റെ കടുത്ത ചിട്ടവട്ടത്തില്‍ നിന്നും മലയാളത്തിനു അതിന്റേതായ ചട്ടക്കൂടൊരുക്കി കൊടുത്തു ആ പ്രേമ ഗായകന്‍..മലയാള കാവ്യ നര്‍ത്തകിയെ ലളിത പദങ്ങളുടെ ചിലങ്ക കെട്ടിച്ച്,  അണിയിച്ചൊരുക്കി സഹൃദയമനസുകള്‍ക്ക് കാഴ്ചവച്ചപ്പോള്‍ അവള്‍ ആനന്ദ നടനം ആടിയത് സംസ്കൃതത്തിന്റെ സ്വാധീനം നിമിത്തം അവളെ ഒരകലത്തില്‍ നിന്നുമാത്രം വീക്ഷിച്ചു പോന്ന സാധാരണക്കാരുടെ മനസുകളില്‍ ആയിരുന്നു. പ്രണയത്തിനൊപ്പം സൌഹൃദത്തിനും പ്രത്യേക നിര്‍വ്വചനം ഉണ്ടാക്കി എടുത്ത കവിയായിരുന്നു ചങ്ങമ്പുഴ..ഇടപ്പള്ളി രാഘവന്‍ പിള്ള എന്ന ആത്മാര്‍ത്ഥ സുഹൃത്ത് ആ മനസ്സില്‍ കോറിയിട്ട സൌഹൃദസങ്കല്പം കാവ്യരൂപമാണ്ടപ്പോള്‍ മലയാളികള്‍ക്ക് ലഭ്യമായത് രമണന്‍ എന്നൊരു അനിര്‍വചനീയ കാവ്യസൃഷ്ടി ആണ്...പുതു തലമുറകള്‍ പരിവര്‍ത്തനങ്ങള്‍ക്ക് വശംവദരായിട്ടും ആ കവിതയുടെ ഈരടികള്‍ ഇന്നും പല ചുണ്ടുകളിലും തത്തിക്കളിക്കുന്നുണ്ട് .

ആഗ്രഹിച്ച തലങ്ങളില്‍ ഒന്നും എത്തിച്ചേരാന്‍ കഴിയാതെ പോയ കവിയായിരുന്നു ചങ്ങമ്പുഴ...ഉന്നതവിദ്യാഭ്യാസം കരസ്തമാക്കിയിട്ടും ഒരു ജോലിയിലും മനസ്സുറപ്പിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനായില്ല...കൌമാരം വിട്ടുമാറും മുന്നേ ഏറ്റെടുക്കേണ്ടി വന്ന വിവാഹ ജീവിതവും അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ചല്ലായിരുന്നു...ശ്രീദേവി എന്ന മഹതി ആ കാവ്യസപര്യയ്ക്ക് വിഘ്നം സൃഷ്ടിക്കാതെ അദ്ദേഹത്തിന് പിന്നില്‍ നിഴലായി ഒതുങ്ങി...പക്ഷേ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും, ചവിട്ടു പടികള്‍ കയറുമ്പോഴും കാലിടറുമ്പോഴും ഒക്കെ ഓരോരോ മഹത് കൃതികള്‍ കൊണ്ട് അദ്ദേഹം മലയാളകാവ്യ ലോകത്തെ സമ്പന്നമാക്കിക്കൊണ്ടിരുന്നു...കണ്ടിരുന്നതൊക്കെ തിളക്കമുള്ള സ്വപ്‌നങ്ങള്‍ മാത്രമായിരുന്നുവെന്നും അതൊരു മരീചികയാണെന്നും യാഥാര്‍ത്ഥ്യം എന്നും തനിക്കു പിന്നാലെ തന്നേ സ്നേഹിച്ചുണ്ടായിരുന്നിട്ടും താനത് കാണാതെ പോയി എന്നും ഉള്ള തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായപ്പോഴേക്കും ആ കവി ജീവിതയുദ്ധത്തില്‍ വീണു പോയിരുന്നു...പക്ഷേ ആ പശ്ചാതാപത്തില്‍ നിന്നും ഉടലെടുത്തു മനോഹര സൃഷ്ടികള്‍...സ്നേഹമയിയായ ഭാര്യയെ മറന്നു തന്റെ യൌവനത്തെ മാത്രം കാംഷിച്ചു കൂടെ കൂടിയ വ്യക്തിത്വങ്ങള്‍ക്ക് പുറകെ പോയതിലുള്ള കുറ്റബോധം “മഞ്ഞതെച്ചിപ്പൂങ്കുല പോലെ മഞ്ചിമ വിടരും പുലര്‍കാലേ നിന്നു ലളിതേ നീയെന്‍ മുന്നില്‍ നിര്‍വൃതി തന്‍ പൊന്‍ കതിര്‍ പോലെ” എന്ന മനോഹര വരികളിലൂടെ കാവ്യലോകത്തേക്ക് കടന്നു വന്നു...അങ്ങനെ എത്രയെത്ര കവിതകള്‍....

പറഞ്ഞവസാനിപ്പിക്കാതെ പോയതും പറയാന്‍ ബാക്കി വച്ചതുമായി ആ കവി മണ്‍മറയുമ്പോള്‍ മലയാളത്തിനു നഷ്ടമായത് പിന്നെയും ആ തൂലിക തുമ്പില്‍ നിന്നും ഉടലെടുത്തേക്കാവുന്ന കുറേ നല്ല രചനകള്‍ ആയിരുന്നു

നിശ്ശബ്ദ സ്നേഹത്തിന്റെ കഥ പറയുന്നു കവി ഈ കവിതയിലെ കാമിനിയുടെ വാക്കുകളിലൂടെ...പരിശുദ്ധപ്രണയം എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കിയെടുക്കാവുന്ന വരികള്‍...മാംസനിബദ്ധമല്ല രാഗം എന്ന തത്വത്തില്‍ ഉറച്ചു നിന്ന് പരിശുദ്ധപ്രണയത്തിന്റെ മാറ്റുരയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിഴലായ് തനിക്കൊപ്പം കൂടിയ ശ്രീദേവി ചങ്ങമ്പുഴ ആയിരുന്നിരിക്കുമോ...ചിന്തകള്‍ വായനക്കാര്‍ക്ക് വിടുന്നു...ശ്രീമതി സുജാതയുടെ അനുഗ്രഹീത ശബ്ദതില്‍ ഇതൊന്നു കേട്ടുനോക്കു.

കവിത ഇവിടെനിന്നും സ്വന്തമാക്കാം


ശാലിനി - ചങ്ങമ്പുഴ

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.

താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും

ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ

അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും

കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം

ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!
                                                                   **************

Thursday, March 22, 2012

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് - എ. അയ്യപ്പന്‍

കവിത : എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
രചന :  എ. അയ്യപ്പന്‍
ആലാപനം :  എ. അയ്യപ്പന്‍



പുതുയുഗത്തിനു ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച തിരുവനന്തപുരത്തെ നേമം എന്ന സ്ഥലത്ത് 1949 ഒക്ടോബർ 27നാണ് അയ്യപ്പന്‍‌റെ ജനനം. ധനാഢ്യരായ സ്വര്‍ണ്ണപണിക്കാരുടെ കുടുംബത്തില്‍ ജനിച്ച് ചെറുപ്പത്തിലെ അമ്മയും അച്ചനും നഷ്ടപെട്ടതുകൊണ്ട് സഹോദരിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന്, കമ്യൂണിസത്തിന്‍‌റെ ചൂടില്‍ തെരുവിനു വേണ്ടി ശബ്ദിച്ച് തെരുവിന്‍‌റെ കവിയെന്ന് വാഴ്ത്തപെട്ട് ഒടുവില്‍ തെരുവില്‍ എരിഞ്ഞടങിയ കവി. അതാണ് ശ്രീ അയ്യപ്പന്‍.

വിദ്യഭ്യാസശേഷം പ്രസാധകന്‍,  പത്രാധിപര്‍ എന്നീ നിലകളില്‍ സേവനമഷ്ഠിച്ചിരുന്ന എ. അയ്യപ്പന്‍ കറുപ്പ്, ബുദ്ധനും ആട്ടിങ്കുട്ടിയും, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, കാലംഘടികാരം എന്നിങനെ ധാരാളം കൃതികളിലൂടെ തന്‍‌റേതായൊരു ഇടം മലയാളകവിതാ ലോകത്തില്‍ അദ്ദേഹം നേടിയെടുത്തു. തെറ്റിയാടുന്ന സെക്കന്‍‌റ് സൂചി  എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകളും അദ്ദേഹത്തിന്‍‌റേതായിട്ടുണ്ട്. 'പ്രവാസികളുടെ ഗീതം' 1992 ലെ കനകശ്രീ അവാര്‍ഡും, 'വെയില്‍ തിന്നുന്ന പക്ഷി' 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് നേടികൊടുത്തു. 2010ല്‍ ആശാന്‍ പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങുന്നതിനും ഏതാനും ദിവസങള്‍ക്ക് മുമ്പ് ഒക്ടോബര്‍ 21ന് തെരുവില്‍ തന്നെ മരണമടയുകയായിരുന്നു.

അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം, പ്രാണനും കൊണ്ട് ഓടുകയാണ്, വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും, എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ, ഒരു മരവും മറ തന്നില്ല, ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു, അവന്റെ വായ്ക്ക് ഞാനിരയായി.
കവിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത അവസാന കവിതയിലെ വരികള്‍.
----
മരണത്തെക്കുറിച്ചും മരണാനന്തര അവസ്ഥയെക്കുറിച്ചും അതില്‍ നശിക്കാതെ നില്‍ക്കുന്ന പ്രണയത്തിന്‍‌റെ ബാക്കിപത്രത്തെക്കുറിച്ചുമെല്ലാം അറം പറ്റും പോലെ കവി എഴുതിയ ഒരു ചെറിയ കവിതയാണ് "എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്". വാക്കുകള്‍ കൊണ്ട് വര്‍ണ്ണിച്ച് മലീമസമാക്കാതെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

ഇത് ഡൌണ്‍ലോഡാന് ഇവിടെ ക്ലിക്കാം

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!

*********************

Sunday, February 26, 2012

കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

കവിത : കാവ്യനര്‍ത്തകി
രചന : ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം : മധുസൂദനന്‍ നായര്‍


ഡൗണ്‍ലോഡ് ലിങ്ക് “ഇവിടെ”‍


ഒരു നിർദ്ധന കുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാല വിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.

എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌.

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.

ചങ്ങമ്പുഴയുടെ ‘രമണന്‍’ എന്ന കാവ്യം കഴിഞ്ഞാല്‍, മലയാളകാവ്യാസ്വാദകര്‍ നെഞ്ചേറ്റിയ കവിത ഒരുപക്ഷേ ‘കാവ്യനര്‍ത്തകി’ ആയിരിക്കാം, ചങ്ങമ്പുഴയുടെ ഹൃത്തില്‍ നിന്നുതിരുന്ന ആ നര്‍ത്തകിയെ നമുക്ക് കണ്‍കുളിര്‍ക്കെ, ശ്രീ മദുസൂദനന്‍ നായരുടെ മനോഹര കാവ്യാലാപനത്തിലൂടെ കാണാം, അറിയാം.. വരൂ..

കാവ്യനര്‍ത്തകി -  ചങ്ങമ്പുഴ കൃഷ്ണപിള്ള


കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..

-------------------------------------------------

** *** **

Wednesday, February 15, 2012

ഇരുളിന്‍ മഹാനിദ്രയില്‍ - മധുസൂദനന്‍ നായര്‍...

കവിത :  ഇരുളിന്‍ മഹാ നിദ്രയില്‍
കവി :  ശ്രീ. മധുസൂദനന്‍ നായര്‍
ആലാപനം :  ശ്രീ. മധുസൂദനന്‍ നായര്‍ (ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയത് )

ഇത് ഡൌണ്‍ ലോഡാന്‍ ഇവിടെ ക്ലിക്കാം

ഈണത്തിനും താളത്തിനും കവിതാസ്വാദനത്തിൽ പങ്കുണ്ടെന്ന് തെളിയിച്ച കവി.. 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരയിൽ‌ അരുവിയോട് എന്ന സ്ഥലത്താണ് ശ്രീ. മധുസൂദനൻ‌ നായർ‌ ജനിച്ചത്..അച്ഛൻ കെ. വേലായുധൻ‌പിള്ള വലിയൊരു തോറ്റം‌പാട്ട് ഗായകനായിരുന്നു. ആ താളബോധവും കവി മനസ്സും ചെറുപ്രായത്തിലെ കവിയിൽ‌ വേരോടിയിരുന്നു..തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ‌ നിന്നും മലയാളഭാഷയിൽ ബിരുദാനന്തരബിരുദം നേടി ആദ്യം പത്രപ്രവർത്തകനായും പിന്നെ തുമ്പ സെന്റ് സേവ്യേർസ് കോളേജിൽ അദ്ധ്യാപകനായും ഔദ്യൊഗികവൃത്തി ആരംഭിച്ചു..നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്..1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു..ഭാരതീയം എന്ന കവിതയ്ക്ക്  1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും..2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം..

ഇരുളിന്‍ മഹാ നിദ്രയില്‍ ...

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ. (2)
എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ- 
ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും 
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ. 
ജീവനൊഴുകുമ്പൊഴൊരു തുള്ളി 
ഒഴിയാതെ നീ തന്നെ 
നിറയുന്ന പുഴയെങ്ങു വേറെ.
കനവിന്റെയിതളായ് നിന്നെ പടര്‍ത്തി നീ 
വിരിയിച്ചൊരാകാശമെങ്ങു വേറെ.

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും 
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (2)
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും 
കാലമിടറുമ്പോഴും,
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ 
ഹൃദയം കൊരുത്തിരിക്കുന്നു.
നിന്നിലഭയം തിരഞ്ഞു പോകുന്നു.

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ 
ഹൃദയത്തില്‍ നിന്നെനിക്കേതു 
സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു 
പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)

നിന്നിലടിയുന്നതേ നിത്യ സത്യം....